അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി
രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥിയെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായ പണിക്കന്‍ കുടി കൊമ്പൊടിഞ്ഞാല്‍ സ്വദേശിയായ അതുല്‍ ഷിജോയെയാണ് പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളില്‍ അടിമാലി പോലീസിന്റെ സഹായത്തോടെ പോലീസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചത്. 194 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആകെ പരീക്ഷഴുതാനുണ്ടായിരുന്നത്. എന്നാല്‍ അതുല്‍ പരീക്ഷയെഴുതാന്‍ എത്താതിരുന്നതോടെ അധ്യാപകര്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ അടിമാലി ജനമൈത്രി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി സി ഐ അനില്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം എസ് .ഐ കെ.ഡി മണിയന്‍, ഷാജു എം എം, നിസാര്‍ തുടങ്ങിയവരുടെ ഇടപെടലിലൂടെ അതുലിനെ പരീക്ഷക്കായി എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാല്‍ പരീക്ഷഴെഴുതാന്‍ കഴിഞ്ഞെന്നും പരീക്ഷ എളുപ്പമായിരുന്നെന്നും അതുല്‍ പറഞ്ഞു.