'ബെവ്ക്യൂ' വെർച്വൽ ക്യൂ ആപ്പ് പ്രവർത്തനസജ്ജമായി

post

* 28 രാവിലെ മുതൽ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

സംസ്ഥാന ബിവറേജസ് കോർപറേഷന്റെ വെർച്വൽ ക്യൂ മാനേജ്മെൻറ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള 'ബെവ്ക്യൂ' ആപ്പ് പ്രവർത്തനസജ്ജമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ ബുക്ക് ചെയ്തവർക്ക് ഔട്ട്ലെറ്റുകളിലൂടെ വ്യാഴാഴ്ച (28) മുതൽ മദ്യം വാങ്ങാം.

കോവിഡ്19 വ്യാപനം തടയാനുള്ള മാർഗനിർദേശങ്ങൾ പാലിച്ച് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കേണ്ടതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മദ്യം ലഭ്യമാക്കുന്നത്.

ബിവറേജസ് കോർപറേഷനു കീഴിലുള്ള 265 ഉം കൺസ്യൂമർഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വിൽപ്പനശാലകളും കൂടാതെ 576 ബാർഹോട്ടലുകളും 291 ബിയർ-വൈൻ പാർലറുകളും ഉൾപ്പെട്ടിട്ടുണ്ട്.

ബാർഹോട്ടലുകളിൽ നിന്നും ചില്ലറവിൽപനശാലകളിൽനിന്നും മദ്യം പാഴ്സൽ ആയി മാത്രമേ ലഭിക്കൂ. ബിയർ-വൈൻ പാർലറുകളിൽ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക.

സർക്കാർ ദിവസേന നിർദേശിക്കുന്ന ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ വിൽപനശാലകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.

മുൻകൂട്ടി ടോക്കൺ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെർച്വൽ ക്യൂ മാനേജ്മെൻറ് സംവിധാനം. ഉപഭോക്താക്കൾ ടോക്കണിൽ പറയുന്ന സമയത്ത് നിശ്ചിത വിൽപനശാലയിൽ കോവിഡ്-19 നിബന്ധനകൾ പാലിച്ചും തിരിച്ചറിയൽ രേഖയും ടോക്കൺ ബുക്ക് ചെയ്ത നമ്പർ ഉള്ള മൊബൈലും സഹിതം ഹാജരായി വിൽപനകേന്ദ്രത്തിൽ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്.

ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽ നിന്നും ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫീച്ചർ ഫോൺ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കൺ ബുക്ക് ചെയ്യാം.

ഔട്ട്ലെറ്റുകളിലെ ക്യൂവിൽ ഒരുസമയം അഞ്ചുപേർ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ടോക്കൺ ലഭിച്ചവർ മാത്രം ക്യൂവിൽ എത്തിയാൽ മതിയാകും. രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളിൽ കൈകഴുകാൻ സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും.

http://bevcoapp.in/