വ്യാജ പ്രചാരണങ്ങളിലൂടെ കേരളമുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല - മുഖ്യമന്ത്രി
വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകൾ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്റെ പേരിൽ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകൾ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നടക്കം വന്നിട്ടുള്ളൂ.
കേരളത്തിന്റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സർക്കാരിന്റെയും ഐക്യത്തിന്റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാൽ, അതിനെ വികൃതമായി ചിത്രീകരിക്കാനാണ് ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നത്.
ഐസിഎംആറിന്റെ മാർഗനിർദേശങ്ങൾ പൂർണ അർത്ഥത്തിൽ പാലിച്ച് കോവിഡ് 19 വ്യാപനം തടയാൻ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ച് പരസ്യമായി അഭിനന്ദിച്ചിട്ടുണ്ട്. കേരള മാതൃക മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ നിരന്തരമായി ശ്രമിച്ച് സർക്കാർ മേഖലയിൽ 15 സ്ഥാപനങ്ങളിൽ ടെസ്റ്റിങ് സൗകര്യം ഏർപ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്റെ അംഗീകാരവും നേടിയെടുത്തു. മാത്രമല്ല, അഞ്ച് സ്വകാര്യ ലാബുകൾക്കും ഇപ്പോൾ ടെസ്റ്റിങ് അംഗീകാരമുണ്ട്.
ആദ്യഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്നും ലഭിച്ചിരുന്നുള്ളു. എന്നാൽ, ഐസിഎംആർ മാർഗനിർദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഇപ്പോൾ പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ കൂടുതൽ ടെസ്റ്റിന്റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകൾ വർധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്.
ടെസ്റ്റ് ചെയ്യുന്നതിന് ഐസിഎംസിആറിന്റെ വ്യക്തമായ മാർഗനിർദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ നാം തീരുമാനിച്ചിരുന്നു. എന്നാൽ, ഐസിഎംആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അതു ഉപയോഗിക്കേണ്ടെന്ന് അവർ തന്നെ നിർദേശിക്കുന്ന സ്ഥിതിയുണ്ടായി. അതുകാരണമാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ കഴിയാതിരുന്നത്.
സമൂഹത്തിൽ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്റിനൽ സർവൈലൻസ് ടെസ്റ്റ് കേരളം നല്ല നിലയിൽ നടത്തുന്നുണ്ട്. അങ്ങനെയാണ് സമൂഹവ്യാപനമുണ്ടായില്ല എന്ന് സർക്കാർ ഉറപ്പാക്കിയത്. എന്നാൽ, ഇന്നത്തെ സാഹചര്യം വിലയിരുത്തിയാൽ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഐസിഎംആർ മാർഗനിർദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.
സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലും വ്യക്തമാകും. കാരണം, ഇവിടെ ജനങ്ങൾ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവർ ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് ഇടയാകും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.