കോളേജുകളിൽ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്
കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കുന്നു. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും.
https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668
സംസ്ഥാനത്തെ ഒന്നുമുതൽ പിജി വരെയുള്ള എല്ലാ ക്ലാസ്സുകളും ജൂൺ ഒന്നിന് ആരംഭിക്കുമെന്നുള്ള സർക്കാർ തീരുമാനം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിൽ അധ്യാപകർ ഓൺലൈനിൽ കൂടി ക്ലാസ്സുകൾ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസ്സുകൾ കൈകാര്യം ചെയ്യും.
സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസ്സുകൾ നൽകും. ഇതിന്റെ പരിമിതി മറികടക്കാൻ അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വീഡിയോകളോ മറ്റു പ്രഗത്ഭർ നയിക്കുന്ന ക്‌ളസ്സുകളുടെ വീഡിയോകളോ കുട്ടികൾക്ക് നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ളാസ്സുകൾ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഇത്തരത്തിലുള്ള ഫ്‌ളിപ് ക്ളാസ്സ്റൂം പഠനരീതിയാണ് ഇന്നത്തെ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതുവഴി മുഴുവൻ സമയവും ലൈവ് ക്ലാസ്സ്റൂം ലഭ്യമാകുന്നതിനുള്ള പരിമിതികൾ ഒരളവുവരെ മറികടക്കാൻ സാധിക്കും. മാത്രവുമല്ല നിശ്ചിത ഇടവേളകളിലെങ്കിലും അധ്യാപക-വിദ്യാർത്ഥി സംവാദം ഉറപ്പിക്കാനുമാകും. ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ട സാങ്കേതിക സംവിധനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിൻസിപ്പൽമാർ ഒരുക്കണം. കോവിഡ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകാവുന്ന പഠന-ബോധന പ്രതിസന്ധി അധ്യാപക-വിദ്യാർഥി ഐക്യത്തിൽ കൂടി നമുക്കതിജീവിക്കാമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.