ഓണ്‍ലൈന്‍ ക്ലാസുകള്‍ : സംശയങ്ങള്‍ ദൂരീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി
ജൂണ്‍ ഒന്നിന് പുതിയ ഒരു അക്കാദമിക് വര്‍ഷം ആരംഭിക്കുകയാണ്.കോവിഡ് 19 പ്രതിരോധ കാലഘട്ടത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ വന്നു പഠനം ആരംഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന തിരിച്ചറിവിന്റെ സാഹചര്യത്തില്‍ എങ്ങനെ അക്കാദമിക് വര്‍ഷം തുടങ്ങും എന്ന ആശങ്ക പലരിലും ഉണ്ടാകും.അത് പരിഹരിക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ്.
ജൂണ്‍ ഒന്നാം തീയതി മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയാണ്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്ലസ് വണ്‍ ഒഴികെയുള്ള ക്ലാസ്സുകള്‍ക്കാണ് പഠനം ആരംഭിക്കുന്നത്. ആദ്യത്തെ ഏഴു ദിവസങ്ങളില്‍ ഒരു ട്രയല്‍ എന്ന രീതിയില്‍ ആണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ഈ ആഴ്ച എല്ലാവരും സഹകരിച്ച് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ്, ഏതെല്ലാം കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്നുള്ള വിവരങ്ങള്‍ മനസ്സിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ പഠനം നമ്മള്‍ നടത്തുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്ന് വിദ്യാഭ്യാസ വകുപ്പ് പഠിച്ചിട്ടുണ്ടെങ്കിലും എല്ലാ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഇതിന് ആവശ്യമായി ഉണ്ടെന്നും നമ്മുടെ കുട്ടികള്‍ക്ക് ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ പറ്റുന്നുണ്ടോ, ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടോ, പരിമിതികള്‍ ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ എല്ലാവരും അന്വേഷിക്കണമെന്നും ഇത് വലിയ ഒരു പരീക്ഷണത്തിന്റെ വിജയത്തിന് വേണ്ടിയുള്ള അന്വേഷണം ആയി തന്നെ കാണണമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കും കുട്ടികള്‍ക്കും സംശയങ്ങള്‍ ധാരാളമുണ്ടാകാം. അതെല്ലാം ദൂരീകരിക്കണം.ക്ലാസ്സില്‍ വന്നിരുന്നു പഠിക്കാന്‍ സാധിക്കില്ല എന്ന സാഹചര്യത്തില്‍ ക്ലാസ്സില്‍ വന്നിരുന്നു പഠിക്കുന്നത് പോലെ തന്നെ വീട്ടിലിരുന്ന് പഠിക്കാം എന്നതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സങ്കല്പം. ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ച് ചേരാന്‍ പറ്റില്ല എന്നുള്ളതുകൊണ്ട് വീട്ടിലിരുന്ന് ക്ലാസുകള്‍ കേള്‍ക്കുക. ആ ക്ലാസ്സുകള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കുക. അങ്ങനെ പുതിയൊരു ജനകീയ തലം ക്ലാസ്സുകള്‍ക്ക് ഉണ്ടാക്കുകയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ഉദ്ദേശിക്കുന്നത്. എല്ലാവരും അവരവരുടെ കുട്ടികള്‍ക്ക് ഈ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ ഈ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ടൈംടേബിളുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈം ടേബിള്‍ അനുസരിച്ച് ഒരു സമയത്ത് ഒരു ക്ലാസിലെ കുട്ടികള്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസില്‍ വരേണ്ടതായിട്ടുള്ളൂ. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടിക്ക് കിട്ടാന്‍ വേണ്ടി അവരവരുടെ മൊബൈല്‍ ഫോണ്‍ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം. നല്ല പോലെ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു ടിവി ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ഇതിന്റെ പ്രക്ഷേപണം നടത്തുന്നത്. പരമാവധി ആളുകള്‍ക്ക് ടിവി ഉപയോഗിക്കാന്‍ സാധിക്കണം.
രണ്ടാഴ്ച കൊണ്ട് ഈ സംവിധാനങ്ങള്‍ എവിടെയൊക്കെ കിട്ടുന്നില്ല എന്ന് പരിശോധിച്ച് അവരിലേക്കെല്ലാം ഈ സംവിധാനങ്ങള്‍ എത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടര മണിക്ക് മുഖ്യമന്ത്രിയുടെ ആമുഖത്തോടെ കൂടിയാണ് ആദ്യത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആ ക്ലാസ്സ് പ്ലസ്ടു ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ ചില പാഠഭാഗങ്ങള്‍ അധ്യാപകര്‍ എടുക്കും. അടുത്ത ക്ലാസ്സ് രാവിലെ പത്തര മണിക്ക് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാം ക്ലാസിലെ കുട്ടികള്‍ പാഠഭാഗങ്ങള്‍ പഠിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ടിവിയുടെ മുന്നില്‍ വരേണ്ടതാണ് .ഒരു ക്ലാസിലെ കുട്ടി ഒരു നിശ്ചിത സമയത്ത് മാത്രം ടിവിയുടെ മുമ്പില്‍ വന്നിരുന്നാല്‍ മതിയാകും.ക്ലാസുകളെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് വീണ്ടും കേള്‍ക്കാന്‍ വിക്ടേഴ്‌സ് ചാനലില്‍ അതിന്റെ റിപ്പീറ്റ് ടെലികാസ്റ്റുകള്‍ ഉണ്ടാകും.ഇങ്ങനെ രണ്ടാഴ്ച ആദ്യത്തെ ആഴ്ചയില്‍ എടുക്കുന്ന ക്ലാസുകള്‍ ആവര്‍ത്തിക്കും.ആര്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ക്ലാസുകള്‍ ആവര്‍ത്തിച്ച് കാണിക്കുന്നത് .
ഓരോ കുട്ടിയും അവരവരുടെ ടൈംടേബിള്‍ തിരിച്ചറിയണം. രക്ഷിതാക്കളും അതുപോലെ കുട്ടികളുടെ ടൈംടേബിള്‍ മനസ്സിലാക്കി ആ സമയത്ത് അവരെ ടി.വി.യുടെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തുത്തേണ്ടതാണ്. അധ്യാപകരുടെ ചുമതല ഈ ക്ലാസുകളുടെ ഫോളോഅപ്പ് ഉണ്ടാക്കുക എന്നുള്ളതാണ്.കേട്ട ക്ലാസ്സുകളുടെ പിന്തുടര്‍ച്ച അധ്യാപകരിലൂടെ ഉണ്ടാകണം. അധ്യാപകരുടെ ഫോളോഅപ്പുകള്‍ രക്ഷിതാക്കള്‍ക്കും ശ്രദ്ധിക്കാം. തുടര്‍ന്ന് വാങ്ങേണ്ട പുസ്തകങ്ങളെ സംബന്ധിച്ചും അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കും.ഒന്നാമത്തെ പാഠഭാഗങ്ങള്‍ നന്നായി ഉറപ്പിച്ച് പഠിപ്പിച്ച ശേഷം മാത്രമേ രണ്ടാമത്തെ പാഠ ഭാഗങ്ങളിലേക്ക് പോവുകയുള്ളൂ .എസ്.സി.ഇ.ആര്‍.ടി, കൈറ്റ്, എസ്.ഐ.ഇ.ടി, എസ്.എസ്.കെ തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങളുടെ പിന്‍തുടര്‍ച്ചയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തു വരികയാണ്. അതെല്ലാം അധ്യാപകരെ അതാത് സമയങ്ങളില്‍ അറിയിക്കാന്‍ അവര്‍ക്കും ക്ലാസുകള്‍ ആരംഭിക്കും.
ജനകീയ വിദ്യാഭ്യാസത്തിന് പുതിയൊരു ജനകീയ തലം ഉണ്ടാക്കുക എന്നുള്ളത് ഇതിലൂടെ സാധിക്കും. കൊറോണ പ്രതിരോധ ഘട്ടത്തില്‍ അക്കാദമിക് ദിനങ്ങളുടെ നഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ പുതിയൊരു അക്കാദമിക് തലത്തിലേക്ക് കുട്ടിയെ ഉയര്‍ത്താന്‍ സാധിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് അതിനുവേണ്ടി വളരെ ശ്രദ്ധയോടുകൂടി തന്നെ പദ്ധതികള്‍ കൈകാര്യം ചെയ്തു വരികയാണ്. ആഗോള തലത്തിലേക്ക് നമ്മുടെ കുട്ടികളെ ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞ കാര്യം നമുക്ക് പ്രാവര്‍ത്തികമാക്കാം. ഇതെല്ലാം ചെയ്യുമ്പോഴും കോവിഡ് പ്രതിരോധത്തില്‍ നമുക്ക് ശ്രദ്ധവേണമെന്നും കുട്ടികള്‍ എല്ലാം തന്നെ സെല്‍ഫ് ക്വാറന്റൈന്‍ എന്ന ആശയം വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ കുട്ടികളെ ഉയര്‍ത്തുവാന്‍ ഏതു തരത്തിലുള്ള ശ്രമങ്ങളും നമ്മള്‍ നടത്തേണ്ടതാണ്. അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും എല്ലാ അധ്യാപകരും എല്ലാ രക്ഷിതാക്കളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മനസ്സില്‍ ഏറ്റെടുക്കണം, കുറവുകള്‍ ചൂണ്ടിക്കാട്ടണം. എല്ലാ കുട്ടികള്‍ക്കും ഈ ഓണ്‍ലൈന്‍ പഠന സാധ്യത ഉണ്ടാവുകയും പരമാവധി തന്റെ നാട്ടില്‍ അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യണം. എങ്കില്‍ ജനകീയ വിദ്യാഭ്യാസം മറ്റൊരര്‍ഥത്തില്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 14ാം തീയതി മുതല്‍ എല്ലാ പാഠപുസ്തകങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.അതിന് സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വന്ന് വാങ്ങാവുന്നതാണ്. അങ്ങനെ സ്‌കൂളുകളില്‍ വന്ന് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ജനകീയ പദ്ധതി കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുകയാണ്. വീട്ടില്‍ പുസ്തകങ്ങള്‍ എത്തിക്കാനുള്ള സംവിധാനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നുണ്ട്.
വീഡിയോ കാണാം https://www.facebook.com/prof.c.raveendranath/videos/637902993472401