കേരളത്തിൽ 57 പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു

post

* ചികിത്സയിലുള്ളത് 708 പേർ; 18 പേർ രോഗമുക്തി നേടി

കേരളത്തിൽ തിങ്കളാഴ്ച 57 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-11, കുവൈറ്റ്-10, ഖത്തർ-4, സൗദി അറേബ്യ-1, റഷ്യ-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-19, തമിഴ്നാട്-4, കർണാടക-3, ഡൽഹി-2) വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും (പാലക്കാട്) ഒരു എയർ ഇന്ത്യ ജീവനക്കാരിക്കും (എറണാകുളം) രോഗബാധയുണ്ടായി. എയർ ഇന്ത്യ ജീവനക്കാരനും പാലക്കാട്ടെ ആരോഗ്യ പ്രവർത്തകനും രോഗബാധിതരിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരികരിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഞായറാഴ്ച നിര്യാതയായി. ഇതോടെ കേരളത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് (തൃശൂർ സ്വദേശി), വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. എയർപോർട്ട് വഴി 21,839 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,03,399 പേരും റെയിൽവേ വഴി 9796 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,36,655 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,661 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,38,397 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1264 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റിവേഴ്‌സ് ക്വാറന്റൈൻ ശക്തമാക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 2990 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 68,979 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 65,273 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 13,470 സാമ്പിളുകൾ ശേഖരിച്ചതിൽ 13,037 സാമ്പിളുകൾ നെഗറ്റീവ് ആയി. 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂർ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 121 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.