ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ

post

ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി സർക്കാർ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്‌സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയതിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. അങ്ങനെ ഈ പഠനകേന്ദ്രങ്ങളെല്ലാം കെഎസ്എഫ്ഇ സ്‌പോൺസർ ചെയ്യും. ടെലിവിഷന്റെ 25 ശതമാനം ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കുകയോ സ്‌പോൺസർമാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകൾ വാങ്ങുന്നതിനുള്ള ഒരു സ്‌കീം കെഎസ്എഫ്ഇ രൂപം നൽകുന്നുണ്ട്. കെഎസ്എഫ്ഇയുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്‌കീം നടപ്പാക്കുക.

ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യമില്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

  കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സർക്കാരിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയിൽ പ്രാവർത്തികമാവുകയാണ്.

സാധാരണ വർഷത്തേതു പോലെ ജൂൺ ഒന്നിനു തന്നെ നമ്മുടെ അധ്യയന വർഷം ആരംഭിച്ചു. കുട്ടികളുടെ കയ്യും പിടിച്ച് രക്ഷിതാക്കൾ സ്‌കൂളിലെത്തുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉണ്ടായില്ല. പകരം ഓൺലൈനായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പുതു രീതിയിലായിരുന്നു അധ്യയന വർഷാരംഭം.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓൺലൈൻ ക്ലാസുകൾക്ക് തുടങ്ങിയിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി  അധ്യാപകർ ഓൺലൈനിൽ കൂടി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകൾ നൽകും. ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.