ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
റെഡ്സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിൻമെന്റ് സോൺ) പ്രദേശങ്ങളിൽ നിലവിലുള്ള ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി തുടരും. മറ്റു പ്രദേശങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകും. ഓറഞ്ച് സോണുകളിലെ ഹോട്ട്സ്പോട്ടുകളിൽ (കണ്ടയിൻമെന്റ് സോണുകളിൽ) നിലവിലെ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഹോട്ട്സ്‌പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളിലാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്. പഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത വാർഡുകളിലും കൂടിച്ചേർന്ന് കിടക്കുന്ന വാർഡുകളിലും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കാത്ത കാര്യങ്ങൾ
ഗ്രീൻ സോൺ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കണ്ടയിൻമെന്റ് സോണുകൾ കേസുകളുടെയും കോണ്ടാക്ടുകളുടെയും മാപ്പിംഗ്, കേസുകളുടെയും കോണ്ടാക്ടുകളുടെയും വ്യാപനം എന്നിവ പരിഗണിച്ച് ജില്ലാ ഭരണകൂടം നിശ്ചയിക്കണം. ഇത്തരം നിർദേശങ്ങൾ ജില്ലാ കളക്ടർമാർ, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് സമർപ്പിച്ചശേഷം സമിതിയുടെ നിർദേശപ്രകാരം വിജ്ഞാപനം ചെയ്യണം. കേന്ദ്ര സർക്കാർ പൊതുവിൽ അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് പ്രത്യേകം എടുത്തു പറയാത്ത കാര്യങ്ങളിൽ പ്രാവർത്തികമാക്കും. താഴെപ്പറയുന്ന കാര്യങ്ങൾ ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കില്ല. പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ).
ടു വീലറുകളിൽ പിൻസീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സർവീസിനായി പോകുന്നവർക്ക് ഇളവ് അനുവദിക്കണം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ). ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ, സിനിമാ ടാക്കീസ്, ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിലവിലെ നിയന്ത്രണം തുടരും. പാർക്കുകൾ, ജിംനേഷ്യം, മദ്യഷാപ്പുകൾ, മാളുകൾ, ബാർബർ ഷാപ്പുകൾ തുറക്കരുത്.
വിവാഹ/മരണാനന്തര ചടങ്ങുകളിൽ ഇരുപതിലധികം ആളുകൾ പങ്കെടുക്കുന്നത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ ഏപ്രിൽ 22 ലെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി മെയ് 17 വരെ പ്രവർത്തിക്കും. (ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ അവധി ദിവസമായിരിക്കും). ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകണം.
അനുവദിക്കുന്ന കാര്യങ്ങൾ
ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസം അനുവദിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളിൽ എല്ലാ സോണുകളിലും പൂർണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങൾ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കും.
ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റാറന്റുകൾക്ക് പാഴ്സലുകൾ നൽകാനായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്സ് ആൻറ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്ക് മാത്രം ബാധകമാണ്. ഗ്രീൻ/ ഓറഞ്ച് സോണുകളിൽ നിലവിൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ അനുവദിക്കപ്പെട്ട പ്രവർത്തനങ്ങൾ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ തുടർന്നും പ്രവർത്തിക്കാം.
ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കി, പ്രാദേശിക ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം പരിഗണിച്ച് ജില്ലാ കളക്ടർ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിക്ക് ശിപാർശ സമർപ്പിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഈ ശുപാർശകൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണം. ഇത്തരത്തിൽ പൊതുവായ സമീപനത്തിൽ നിന്നുകൊണ്ട് ആവശ്യമായ പ്രാദേശിക ഭേദഗതികൾ മാനുഷികപരിഗണന കൂടി കണക്കിലെടുത്ത് വേണം ജില്ലാ കളക്ടർമാർ തയാറാക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡ് രോഗബാധ ചില പ്രത്യേക വിഭാഗങ്ങളിൽ സവിശേഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കിലെടുത്തുള്ള ഇടപെടലുകൾ ആവശ്യമാണ്. അതിനായി പ്രായമായവർ, കിഡ്നി, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനായി വീട്ടുകാരെ ബോധവത്ക്കരിക്കുന്നതിന് എല്ലാ വീട്ടിലും ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണം. അതോടൊപ്പം ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനവും ബോധവല്ക്കരണവും ഉറപ്പാക്കണം.
ഇതിനായി സർക്കാർ പൊതുവിൽ തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രാദേശിക മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് ചുമതലകൾ നിശ്ചയിച്ച് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം. സമിതിയിൽ റസിഡൻസ് അസോസിയേഷൻ ഉണ്ടെങ്കിൽ അതിന്റെ പ്രതിനിധി, അല്ലെങ്കിൽ പ്രദേശത്തെ നാട്ടുകാരുടെ രണ്ട് പ്രതിനിധികൾ, വാർഡ് മെമ്പർ/ കൗൺസിലർ, പോലീസ് എസ്.ഐ, വില്ലേജ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, ചാർജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥൻ, സന്നദ്ധപ്രവർത്തകരുടെ പ്രതിനിധി, അംഗൻവാടി ഉണ്ടെങ്കിൽ അതിലെ ടീച്ചർ, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെൻഷനേഴ്സ് യൂണിയന്റെ പ്രതിനിധി, വാർഡിലെ ആശാ വർക്കർ എന്നിവർ അംഗങ്ങളാകും.
ഈ മോണിറ്ററിംഗ് സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും മറ്റും കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ളവർ ഉള്ള വീടുകൾ പ്രത്യേകം കണക്കാക്കി ഈ വീടുകളിൽ മോണിറ്ററിംഗ് സമിതിയുടെ ഒരാൾ എല്ലാ ദിവസവും സന്ദർശിക്കണം. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡോക്ടർമാരുടെ പ്രത്യേക ചുമതല ഉണ്ടാവണം. ഡി.എം.ഒ ഇതിന്റെ വിശദാംശങ്ങൾ ആസൂത്രണം ചെയ്യണം. ഇക്കാര്യങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം. ടെലിമെഡിസിൻ ഏർപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നേരത്തെ ആസൂത്രണം ചെയ്യണം. ടെലിമെഡിസിൻ സംവിധാനത്തിൽ ബന്ധപ്പെടാവുന്ന ഡോക്ടർമാരെക്കുറിച്ചുള്ള പൂർണവിവരം ഇത്തരം വീടുകളിലും എത്തിക്കാൻ നടപടി സ്വീകരിക്കണം. ഡോക്ടർമാരുമായുള്ള ആശയവിനിയമത്തിൽ ഡോക്ടർക്ക് രോഗിയെ കാണണമെന്ന് തോന്നിയാൽ വീട്ടിലേക്ക് പോകാൻ പി.എച്ച്.സികൾ വാഹന സൗകര്യം ഒരുക്കണം. ഓരോ പഞ്ചായത്തിലും ഒരു മൊബൈൽ ക്ലിനിക്ക് സംവിധാനം ഒരുക്കണം. ഈ സംവിധാനത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഒരു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഒന്നിച്ചുണ്ടാവുമെന്ന് ഉറപ്പാക്കണം.
മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച്
വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിൽ മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ്-19 സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്‌ക്രീനിംഗ്. സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുമ്പോൾ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണം. സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തിൽ നിന്ന് അവരുടെ വീടുകളിൽ പോകാൻ അനുവദിക്കും. ഇവർ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവർ വീടുകളിൽ 14 ദിവസം ക്വാറന്റയിനിൽ കഴിയണം.
വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രവാസികളും വീട്ടുകാരും പാലിക്കേണ്ട അത്യാവശ്യ മുൻകരുതലുകളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്തണം. മടങ്ങിവരുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക്് വീട്ടിൽ ക്വാറന്റയിന് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേക മുറിയും ബാത്ത് റൂമും ടോയ്ലറ്റും ക്വാറന്റയിനിൽ കഴിയുന്ന ആൾ ഉപയോഗിക്കണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കിൽ സർക്കാർ ഇത്തരക്കാർക്കുവേണ്ടി ഒരുക്കുന്ന ക്വാറന്റയിൻ കെട്ടിടത്തിലേക്ക് മാറ്റണം.
മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുടെ വീട്ടിൽ പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ള ആളുണ്ടെങ്കിൽ കരുതൽ എന്ന നിലയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾ വേറെ താമസിക്കുന്നതിന് തയ്യാറാകണം. അത്തരക്കാരെ സർക്കാർ ഒരുക്കുന്ന കെട്ടിടത്തിലേക്ക് മാറ്റണം. മേൽപ്പറഞ്ഞ വിഭാഗത്തിന് ഹോട്ടലിൽ പ്രത്യേക മുറിയിൽ താമസിക്കണമെന്നുണ്ടെങ്കിൽ അവരുടെ ചെലവിൽ അതിനുള്ള സൗകര്യം ഒരുക്കണം. ഇത്തരക്കാരെ താമസിപ്പിക്കാൻ രോഗലക്ഷണമുള്ളവരെ പാർപ്പിക്കുന്ന ക്വാറന്റയിൻ കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലകളിലും കണ്ടെത്തണം. ഇവരെ ബന്ധപ്പെടുന്നത് മേൽപ്പറഞ്ഞ മോണിറ്ററിംഗ് സംവിധാനം വഴിയായിരിക്കണം. ഇവരുടെ കാര്യത്തിലും ടെലിമെഡിസിൻ, മൊബൈൽ ക്ലിനിക് എന്നിവ ബാധകമാക്കണം. ഇപ്രകാരമുള്ള ആളുകൾ ക്വാറന്റയിൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന കേരളീയരെ സംബന്ധിച്ച്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന കേരളീയരിൽ മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക. ഇതിൽ വിദ്യാർത്ഥികൾ (പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകൾക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ), കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർ ഉൾപ്പെടും. ഇവരുടെ യാത്രക്കായി സർക്കാർ ഒരുക്കിയ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. നിശ്ചിത സംസ്ഥാന അതിർത്തികളിൽ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടിൽ ക്വാറന്റയിനിൽ കഴിയണം.വിദേശത്തുനിന്ന് വരുന്ന പ്രവാസികളെക്കുറിച്ച് പറഞ്ഞ മാനദണ്ഡങ്ങളെല്ലാം ഇവർക്കും ബാധകമാണ്. ഇത്തരം ആളുകൾ ക്വാറന്റയിൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.
സമിതി രൂപീകരണം
പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം.
തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, എം.എൽ.എ/എം.എൽ.എയുടെ പ്രതിനിധി, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസർ, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വർക്കർമാരുടെ പ്രതിനിധി, പെൻഷനേഴ്സ് യൂണിയന്റെ പ്രതിനിധി എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താവുന്നതാണ്.
ഈ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതും അവലോകനം നടത്താനും ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതും ജില്ലാ കളക്ടർ, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയായിരിക്കും. ആരോഗ്യ സംബന്ധ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. ആവശ്യമായ സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങൾ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പോലീസിന്റെ ചുമതലയായിരിക്കും. സംസ്ഥാനത്തിന്റെ പൊതുവായ കാഴ്ചപ്പാട് മനസ്സിലാക്കി പ്രവർത്തിക്കുന്നവിധത്തിൽ വിവിധ കമ്മിറ്റികളെ സജ്ജരാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഓരോ കമ്മിറ്റിക്കും നൽകുന്നതിനും നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.