തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും

post

പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ഒരുക്കി. ഒന്നാം ക്ലാസില്‍ ഒരു കുട്ടിയും രണ്ടാം ക്ലാസില്‍ രണ്ട് കുട്ടികളുമാണ് തണലില്‍ ഉള്ളത്. ശബരിനാഥ്, പ്രാർത്ഥന, ദേവദത്ത എന്നിവരാണ് അവർ.

തണലില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ലഭ്യമല്ല എന്ന വിവരം അധ്യാപകനായ പ്രശാന്ത് കുമാര്‍ അധികാരികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് ലാപ്‌ടോപ്പ് സൗകര്യം ഒരുക്കുകയും കുട്ടികള്‍ക്കൊപ്പം ക്ലാസ് കേള്‍ക്കുകയും തുടര്‍ പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഒന്നാം ക്ലാസിന് രാവിലെ 10.30 മുതല്‍ 11 വരെയും രണ്ടാം ക്ലാസിന് 12.30 മുതല്‍ ഒന്നു വരെയുമായിരുന്നു പഠനം. കുട്ടികള്‍ എല്ലാവരും താല്‍പര്യത്തോടെ ക്ലാസില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ ക്ലാസിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും ചിത്രം വരയ്ക്കുന്നതിലും കുട്ടികള്‍ ആവേശപൂര്‍വം പങ്കാളികളായി. വീണാ ജോര്‍ജ് എംഎല്‍എ തണലിലെത്തി കുട്ടികള്‍ക്ക്  ജൂൺ 2 മുതല്‍ ടെലിവിഷനില്‍ ക്ലാസ് കാണുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദേശം നല്‍കി.