സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി

post

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ കഴിഞ്ഞ നാലു വർഷമായി നടത്തുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് സെക്രട്ടേറിയറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.  

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാവരും കൃഷി ചെയ്യണമെന്ന ആഹ്വാനം ആദ്യഘട്ട ലോക്ഡൗൺ ആരംഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം തന്നെ 65 ലക്ഷം വിത്തു പാക്കറ്റുകളും പച്ചക്കറിത്തൈകളും കൃഷിവകുപ്പ് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു.  ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് വീണ്ടും ജനകീയ ക്യാമ്പയിൻ നടത്താൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ തുടങ്ങിയ ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി ധാരാളം കുടുംബങ്ങൾ സ്വന്തമായി പച്ചക്കറികൃഷി ആരംഭിച്ചിരുന്നു. ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പും നടന്നുവരികയാണ്.  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം-പച്ചക്കറികൾ ആവശ്യമുളള സീസൺ കൂടിയാണ് ഓണക്കാലം.  ഇതു മുന്നിൽ കണ്ടാണ് രണ്ടാംഘട്ടമെന്ന നിലയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി പദ്്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.