സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം
* വ്യാജ പരിശീലന പരസ്യങ്ങളിൽ നിന്ന് കർഷകർ വിട്ടു നിൽക്കണം
ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
മൂന്ന് വർഷമായി നടപ്പാക്കുന്ന പദ്ധതിയിൽ നടപ്പു വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 237 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഫിഷറീസ് വകുപ്പ് നേരിട്ട് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഇവർക്കുള്ള ശാസ്ത്രീയ പരിശീലനം ഫിഷറീസ് വകുപ്പ് ഉറപ്പാക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട് മാത്രമേ കർഷകർ മത്സ്യകൃഷിയുമായി മുന്നോട്ട് പോകാവൂ. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പഞ്ചായത്താണ്.
എന്നാൽ സർക്കാരിന്റെ ലക്ഷ്യം അട്ടിമറിച്ചുകൊണ്ട് മദ്ധ്യകേരളത്തിലെ ചില സ്വകാര്യ ഏജൻസികൾ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ടത് എന്ന വ്യാജേന അമിത ഫീസ് ഈടാക്കി പരിശീലനത്തിനുള്ള പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതെ സർക്കാർ നൽകുന്ന സൗജന്യ പരിശീലനം പരമാവധി ഉപയോഗിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും പദ്ധതി നടത്തിപ്പിനും സൗജന്യ പരിശീലനത്തിനും നിയോഗിച്ച ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഫോൺ നമ്പർ:
തിരുവനന്തപുരം (9496007026)
കൊല്ലം (9496007027)
കോട്ടയം (8113945740)
ആലപ്പുഴ (9496007028)
എറണാകുളം (9496007029)
തൃശൂർ (9496007030)
മലപ്പുറം (9496007031)
കോഴിക്കോട് (9496007032)
കണ്ണൂർ (9496007033)
കാസർഗോഡ് (9496007034)
പാലക്കാട് (9496007050)
പത്തനംതിട്ട (8281442344)
ഇടുക്കി (9447232051)
വയനാട്(9496387833)