84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു
കോവിഡ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകൾ റേഷൻ കടകൾ വഴി ഗുണഭോക്താക്കൾക്ക്് വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 86,19,951 കിറ്റുകളാണ് റേഷൻ കടകൾക്ക് ലഭ്യമാക്കിയത്. 1,71,935 കിറ്റ് സ്റ്റോക്കുണ്ട്. 17 ഇനം പലവ്യഞ്ജനങ്ങൾ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്റെ വിപണിവില 1042.25 രൂപയാണ്.
എന്നാൽ ഗോഡൗൺ, ലോഡിങ്, അൺലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്‌ക്കെല്ലാം ചേർത്ത് സംസ്ഥാനത്തിന് വന്ന യഥാർത്ഥ ചെലവ് കിറ്റ് ഒന്നിന് 974.03 രൂപയാണ്. ഈയിനത്തിൽ ആകെ 850.13 കോടി രൂപ ചെലവുവന്നു. ഇക്കാര്യത്തിൽ വളണ്ടിയർമാർ വലിയ സേവനമാണ് ചെയ്തത്. കിറ്റുകൾ തയ്യാറാക്കുന്നതിന് അവർ സമയപരിധിയില്ലാതെ പ്രവർത്തിച്ചു. സമയബന്ധിതമായി കിറ്റ് വിതരണം പൂർത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷൻ കട ഉടമകളെയും വളണ്ടിയർമാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.