അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ മുതല്‍

post

സംസ്ഥാനത്തെ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചതിന് സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ ജൂണ്‍ നാല് മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. വര്‍ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതില്‍ വൈക്കം - എറണാകുളം റൂട്ടില്‍ ഓടുന്ന ബോട്ട് മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാല്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതല്ല. ആകെ 11 ബോട്ടുകള്‍ രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് അന്തര്‍ ജില്ലാ സര്‍വ്വീസുകളും ബാക്കി 42 ബോട്ടുകള്‍ ജില്ലയ്ക്ക് അകത്തും സര്‍വ്വീസ് നടത്തും.

ലോക്ഡൗണിന് മുന്‍പ് ആകെ 748 സര്‍വീസുകളാണ് നടത്തിയിരുന്നത്. എന്നാല്‍ യാത്രാസമയം രാവിലെ അഞ്ചുമുതല്‍ രാത്രി ഒന്‍പതുവരെ പരിമിതപ്പെടുത്തിയതിനാല്‍ സര്‍വീസുകളില്‍ നേരത്തെ നടത്തിയിരുന്ന സര്‍വീസുകളെക്കാള്‍ കുറവ് വരും. അന്തര്‍ ജില്ലാ സര്‍വീസുകളായി വൈക്കത്ത് നിന്നും 4, മുഹമ്മ - കുമരകം 3, കോട്ടയം - ആലപ്പുഴ 3, കണ്ണൂര്‍ - കാസര്‍കോഡ് 1 എന്നിങ്ങനെ ബോട്ടുകള്‍ സര്‍വീസ് നടത്തും.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.