ഭൂരിപക്ഷം കോളേജ് വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിന് സജ്ജം

post

കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ  കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തി. ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരാണ് എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അറിയിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികൾക്കു പോലും ഇലക്‌ട്രോണിക് പഠനോപകരണങ്ങൾ ലഭ്യമാണ്. അട്ടപ്പാടിയിലെ കോളേജിൽ ഏഴു പേർക്ക് മാത്രമാണ് ഇലക്ട്രോണിക് പഠനോപകരണങ്ങൾ ലഭ്യമല്ലാത്തത്. അതേസമയം മലയോര മേഖലയിൽ നിന്നുള്ള കോളേജുകളിൽ ഇൻറർനെറ്റ് വേഗതയില്ലായ്മയെ കുറിച്ച് ആശങ്കയുണ്ട്. തുടർച്ചയായി അഞ്ചുമണിക്കൂർ ഓൺലൈൻ പഠനത്തിന്റെ വിഷമതകളും  ചർച്ചയിൽ  ഉയർന്നു. ലൈവ് ക്ലാസ്സുകൾക്ക് പകരം റെക്കോർഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഭൂരിപക്ഷം കോളേജുകളും ഈ പ്രശ്‌നം മറികടന്നിട്ടുണ്ട്.

സർവകലാശാലാ തലത്തിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാർഥികൾക്കായി യൂട്യൂബ് ചാനൽ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നൽകുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ഉയർന്നു. കോളേജ് പിടിഎകൾ, പൂർവ വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കോളേജ് തലത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി രൂപീകരിച്ച്  നടപ്പാക്കണമെന്ന് നിർദ്ദേശിച്ചു.

പരമ്പരാഗത രീതിയിലെ ക്ലാസ്റൂം പഠനം നൽകുന്ന ഉയർന്ന വൈജ്ഞാനിക തലം ഓൺലൈൻ രീതിയിൽ ഉറപ്പുവരുത്താൻ ആവില്ലെന്നും അതിനാൽ ഇപ്പോഴത്തെ സാഹചര്യം താൽക്കാലികമാണെന്നും മന്ത്രി ഡോ. കെ. ടി. ജലീൽ അഭിപ്രായപ്പെട്ടു. കോളേജുകളിലെ ഓൺലൈൻ അധ്യയന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണെങ്കിലും പരീക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് ഈ സമയക്രമം ബാധകമല്ല.

വിദ്യാർത്ഥികൾക്ക് ലഭ്യമായ ഇലക്ട്രോണിക് പഠന സംവിധാനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എല്ലാ കോളേജുകളും ഈ മാസം എട്ടിനകം ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാർഥികൾക്ക് സർക്കാർ തലത്തിൽ ഏതെല്ലാം രീതിയിൽ സഹായം നൽകണമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. ഇപ്പോഴത്തെ മാർഗ്ഗനിർദ്ദേശങ്ങൾ താൽക്കാലികമാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.