അട്ടപ്പാടി മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവം

post

പാലക്കാട്: അട്ടപ്പാടി മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  നിലവില്‍ സൗകര്യങ്ങളുള്ള  ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ് അറിയിച്ചു. ബാക്കി ഊരുകളില്‍ ക്ലാസ്സുകള്‍ക്കായുള്ള പഠനസൗകര്യം സജ്ജമാക്കാനുള്ള നടപടികളും  സ്വീകരിച്ചിട്ടുള്ളതായി  അദ്ദേഹം അറിയിച്ചു.  

ബി.ആര്‍.സി( ബ്ലോക്ക് റിസോഴ്‌സ് സെന്റെര്‍)  ഐ.ടി.ഡി.പി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ 18 സാമൂഹിക പഠനമുറികള്‍, അംഗന്‍വാടികള്‍, അഹാര്‍ഡ്‌സിന്റെ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകള്‍ എന്നിവയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കിവരുന്നത് .

ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ക്ലാസുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ ടി.വി.യുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാകുന്നുണ്ടെന്ന്് എസ്.ടി. പ്രാമോട്ടര്‍മാര്‍ മുഖേന ഉറപ്പുവരുത്തും. അടുത്ത ദിവസങ്ങളില്‍ ഓരോ ഊരുകളിലും എസ്.സി, എസ്.ടി. പ്രമോട്ടര്‍മാര്‍,  അംഗന്‍വാടി വര്‍ക്കര്‍മാര്‍ , റിസോഴ്‌സ് അധ്യാപകര്‍ എന്നിവരെ ഊരുകളില്‍ ഫെസിലിറ്റേറ്റര്‍മാരായി നിയോഗിച്ചു കൊണ്ട് ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ സ്‌കൂളുകളിലെ ലാപ്‌ടോപ്പുകള്‍ ഉപയോഗപ്പെടുത്തുമെന്നും ഐ.ടി.ഡി.പി. പ്രൊജട് ഓഫീസര്‍ അറിയിച്ചു.

അട്ടപ്പാടി മേഖലയില്‍ 19 സര്‍ക്കാര്‍ സ്‌കൂളുകള്‍, ഏഴ് എയ്ഡഡ് സ്‌കൂളുകള്‍, ഒമ്പത് അണ്‍ അയ്ഡഡ്, 18 ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിവടങ്ങളിലായി  10620 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. അതില്‍  5455 എസ്. ടി. വിദ്യാര്‍ഥികളും, 459 എസ്.സി. വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കൂടാതെ മറ്റ് ജില്ലകളിലെ എം.ആര്‍.എസുകളില്‍ പഠിക്കുന്ന  കുട്ടികള്‍ക്കും നിലവില്‍ സൗകര്യങ്ങളുള്ള അട്ടപ്പാടി ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ട്.

98 ഊരുകളില്‍ ബാലവിഭവകേന്ദ്രം മുഖേന ക്ലാസുകള്‍ ആരംഭിച്ചു

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്റെ  ഭാഗമായുളള ബാല വിഭവകേന്ദ്രം 98 ഊരുകളില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍  ബ്രിഡ്ജ് കോഴ്‌സ് വഴി ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. ഓരോ ഊരുകളിലും ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപ്പിലാക്കുന്നത്.  ഫോണ്‍, ടി.വി, ലാപ്പ്‌ടോപ്പുകള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകളുടെ ഏകോപനം. നെറ്റ്‌വര്‍ക്ക് പ്രശ്‌നമുള്ള കുറച്ചു മേഖലകളില്‍ ടെക്സ്റ്റ് ബുക്കിന്റെ പി.ഡി.എഫും, ഓണ്‍ലൈന്‍ ക്ലാസുകള്‍  പെന്‍ഡ്രൈവില്‍ ഡോക്യുമെന്റാക്കിയും  എത്തിച്ചു നല്‍കും.  വരും ദിവസങ്ങളില്‍ ഗോത്ര ഭാഷകളിലേക്ക്  ക്ലാസുകള്‍ തര്‍ജ്ജമ ചെയ്തു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാവുന്നവിധം ക്ലാസുകള്‍ സജ്ജമാക്കാനാണ് ഉദ്ദേശം.