കേരളത്തിൽ വെള്ളിയാഴ്ച 111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

post

*ചികിത്സയിലുള്ളത് 973 പേർ

കേരളത്തിൽ വെള്ളിയാഴ്ച 111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 50 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-22, കുവൈറ്റ്-15, സൗദി അറേബ്യ-4, താജിക്കിസ്ഥാൻ-4, ഒമാൻ-2, ഇറ്റലി-2, ഖത്തർ-1) 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-25, തമിഴ്നാട്-10, ഡൽഹി-4, ആന്ധ്രാപ്രദേശ്-3, കർണാടക-3, ഉത്തർപ്രദേശ്-1, ഹരിയാന-1, ലക്ഷദ്വീപ്-1) നിന്നും വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് (പാലക്കാട്-5, മലപ്പുറം-3, തൃശൂർ-1, കോഴിക്കോട്-1) രോഗം ബാധിച്ചത്. മൂന്ന്  ആരോഗ്യ പ്രവർത്തകർക്കും (മലപ്പുറം-2, തൃശൂർ-1) രോഗം സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേരുടേയും തൃശൂർ ജില്ലയിൽ നിന്നുള്ള 5 പേരുടേയും ആലപ്പുഴ, എറണാകുളം (ഒരു തൃശൂർ സ്വദേശി) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും തിരുവനന്തപുരം, കോഴിക്കോട് (കാസർഗോഡ് സ്വദേശി) ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 973 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 712 പേർ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 38,945 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,14,336 പേരും റെയിൽവേ വഴി 15,356 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,70,258 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,106 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,75,561 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1545 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 247 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 3597 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 79,074 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 74,769 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 19,650 സാമ്പിളുകൾ ശേഖരിച്ചതിൽ 18,049 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതുതായി അഞ്ച് ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ ബത്തേരി മുൻസിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാൽ, കോഴിക്കോട് ജില്ലയിലെ മാവൂർ, കണ്ണൂർ ജില്ലയിലെ മാട്ടൂൽ എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ. നിലവിൽ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.