യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി
യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള സർവകലാശാല പോലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തന്നെ ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി കൈകോർക്കുമ്പോൾ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാനാകും. കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയെ കുറിച്ചും കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇത്തരമൊരു ചുവടുവെപ്പ് സ്വാഭാവികമായും വഴിവെക്കും. അത് കാർഷികോത്പാദനം വർധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ നൂതന രീതികൾ അവലംബിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ സാധ്യതകളാക്കി കൂടി മാറ്റാൻ കഴിയുന്നവരാണ് അതിജീവിക്കുക. കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ നാം ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഒറ്റവർഷം കൊണ്ട് 3860 കോടി രൂപയാണ് സംസ്ഥാനത്തെ കാർഷിക മേഖലയിൽ ചെലവിടാൻ ഉദ്ദേശിക്കുന്നത്. കൃഷിക്കു മാത്രം 1449 കോടി രൂപ ചെലവിടും. 25,000 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ചെയ്യും.
ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നാലു വർഷമായി ചിട്ടയോടെ സർക്കാർ നടപ്പാക്കിവരുന്നത്. നാടിന്റെ ഹരിതാഭ വർധിപ്പിക്കാൻ തുടക്കം കുറിച്ച ഹരിതകേരളം മിഷനിലൂടെ ജലസ്രോതസ്സുകൾ ശുചീകരിക്കാനും ഒട്ടേറെ കൃഷിയിടങ്ങൾ വീണ്ടെടുക്കാനും നമുക്ക് സാധിച്ചു. വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. വീടുകളോട് അനുബന്ധമായി കിച്ചൻ ഗാർഡനുകൾ യാഥാർത്ഥ്യമായി. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കിയതോടെ മിക്ക വീടുകളിലും സ്വന്തമായി പച്ചക്കറി ഉൽപാദനം നടത്തുന്ന സംസ്‌കാരത്തിലേക്ക് നാം മാറി.
ഇറച്ചിക്കോഴി, മുട്ട എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കേരള ചിക്കൻ പദ്ധതി ആവിഷ്‌കരിച്ചു. പാലിന്റെ കാര്യത്തിൽ ഏറെക്കുറെ സ്വയംപര്യാപ്തമായി. കാർഷിക മേഖലയിൽ, പ്രളയത്തെ തുടർന്നുള്ള ഘട്ടത്തിൽ പോലും നെല്ലുൽപാദനത്തിൽ റെക്കോർഡ് കൈവരിച്ചു. ഇതിന്റെ അടുത്തപടിയായാണ് ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഉദ്ദേശിച്ചുള്ള സുഭിക്ഷ കേരളം പദ്ധതി. ഇത് കൃഷിയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. വലിയ ജനകീയ കാമ്പയിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരള സർവകലാശാലയിലെ കാര്യവട്ടം കാമ്പസിലെ 365 ഏക്കർ സ്ഥലത്തായാണ് പദ്ധതി നടപ്പിലാക്കുന്നത്. 20 ഏക്കറിൽ നെൽകൃഷിയും അഞ്ച് ഏക്കറിൽ വീതം ഫല, പുഷ്പ വർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള സസ്യം പ്രൊ വൈസ് ചാൻസലർ ഡോ. അജയകുമാർ പി.പി. മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് മാതൃകാപരമായ ചുവടുവയ്പ്പ് കേരള സർവകലാശാല നടത്തുന്നതെന്ന് ജൈവ വൈവിധ്യ കേന്ദ്രം കാര്യവട്ടം കാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
കാര്യവട്ടം കാമ്പസിലെ കൃഷിക്ക് സാങ്കേതികമായ ഉപദേശ നിർദേശങ്ങൾ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയതായി 20 ഏക്കർ നെൽകൃഷി ഉദ്ഘാടനം നിർവഹിച്ച കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഇവിടം നെൽ വിത്തുല്പാദന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ആൻഡമാൻ - നിക്കോബാർ വൃക്ഷ ഉദ്യാനം സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. യുവതലമുറയെക്കൊണ്ട് കൃഷി അഭിമാനകരമാണ് എന്ന ചിന്തിപ്പിക്കാൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ കൃഷിയിൽ പങ്കാളികളാക്കണമെന്നും അന്താരാഷ്ട്ര കളിക്കാരന് പ്രോത്സാഹനമായി നൽകുന്ന മാർക്ക് മികച്ച കൃഷി ചെയ്യുന്ന ടീമിനും നൽകണമെന്നും മന്ത്രി പറഞ്ഞു. കാമ്പസിലെ 1000 തെങ്ങിൻ തൈയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള, സിൻഡിക്കേറ്റ് അംഗം ബാബുജാൻ തുടങ്ങിയവർ പങ്കെടുത്തു.