സുഭിക്ഷ കേരളം: മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണ വകുപ്പ്

post

*ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സഹകരണ സംഘങ്ങൾ മുഖേന തരിശു ഭൂമിയൽ പച്ചക്കറി ഉത്പാദനം ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മിൽ വളപ്പിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തരിശുഭൂമിയിൽ കൃഷിയിറക്കുന്ന നിലയിലേക്ക് പൊതുബോധത്തെ മാറ്റിയെടുക്കാൻ സർക്കാരിനായെന്ന് മന്ത്രി പറഞ്ഞു.  പ്രതിസന്ധികളെ അവസരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി നാടാകെ ഏറ്റടെടുത്തതായും അദ്ദേഹം പറഞ്ഞു. ഒരോ സഹകരണ സംഘത്തോടും 50 സെന്റ് തരിശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം തെങ്ങിൻ തൈകളും പരിപാലിക്കും .

ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്,  ബാലരാമപുരം ഗ്രാമപഞ്ചായത്ത്, ട്രിവാൻഡ്രം സ്പിന്നിങ്ങ് മിൽ എന്നിവ സംയുക്തമായാണ് കൃഷി നടത്തുക. നിലവിൽ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കൃഷി വഴി 3000 തൊഴിലുറപ്പ്് ദിനങ്ങൾ സൃഷ്ട്ടിച്ചു. എ. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. നരസിംഹുഗരി.റ്റി.എൻ. റെഡ്ഡി,  ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രതാപചന്ദ്രൻ, കൈത്തറി ടെക്സ്റ്റയിൽസ് ഡയറക്ടർ കെ.സുധീർ എന്നിവർ പങ്കെടുത്തു.