'ഒരു കോടി ഫലവൃക്ഷത്തൈകൾ' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

'ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വനംമന്ത്രി കെ. രാജുവും ചടങ്ങിൽ സംബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു.

സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാൻ കഴിയുന്നതുമായ ഫലവർഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പക്ക, പപ്പായ, നേന്ത്രൻവാഴ, ഞാലിപ്പൂവൻ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകൾ ഉല്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളിൽ വെച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ്.

രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട ഫലവൃക്ഷ തൈവിതരണമാണ് പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചത്. രണ്ടാംഘട്ടം ജൂലൈ ആദ്യ  ആഴ്ചയിൽ വനമഹോൽസവത്തിന്റെയും തിരുവാതിര ഞാറ്റുവേല ചന്തകളുടെയും സമയത്ത് ആരംഭിച്ച് സെപ്റ്റംബർ മാസത്തിൽ പൂർത്തീകരിക്കും.

ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ പദ്ധതി കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കാർഷിക സർവകലാശാല, തദ്ദേശ സ്വയംഭരണവകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് നടപ്പിലാക്കുന്നത്. തദ്ദേശ സ്ഥാപനം, കുടുംബശ്രീ, എം.ജി.എൻ.ആർ.ഇ.ജി.എസ്/അയ്യങ്കാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകൾ എന്നിവരുടെ സഹായത്തോടുകൂടി സംസ്ഥാനത്തെ വീട്ടുവളപ്പുകൾ, സ്‌കൂൾ കോമ്പൗണ്ടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിനും അവയുടെ ഘട്ടംഘട്ടമായുളള പരിപാലനവും ഉറപ്പുവരുത്തും.

ഉദ്ഘാടനചടങ്ങിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയി, ഡയറക്ടർ ഡോ:കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.