1,67,355 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
സംസ്ഥാനത്തുനിന്ന് ഇതുവരെ 1,67,355 അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരവധി അതിഥി തൊഴിലാളികൾ ഇവിടെത്തന്നെ കഴിയുന്നുണ്ട്. ജോലികൾ തുടങ്ങിയ സ്ഥിതിക്ക് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തുടരണം. കൂട്ടമായി താമസിക്കുകയാണ് അവർ. ജോലിസ്ഥലത്ത് അവരെ കൊണ്ടുപോകുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. കരാറുകാരാണ് യാത്രയിലും മറ്റും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പിക്കേണ്ടത്.
ചില റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ വീട്ടിലേക്ക് പോകുന്നതിന് സൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയിൽ ഇടപെടാൻ ജില്ലാ കലക്ടർമാർക്ക് ചുമതല നൽകി. അതിന് പ്രത്യേകമായി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കും. ബസുകളും ഇതര വാഹനങ്ങളും വേണ്ടിവന്നാൽ ഏർപ്പെടുത്താനും അനുവാദം നൽകി.
കോവിഡിനു പുറമെ മറ്റു രോഗങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് വരുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഇതിൽ ഭാഗഭാക്കാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ടെലി മെഡിസിൻ സൗകര്യം വ്യാപകമാക്കും. കോവിഡ്-കോവിഡിതര രോഗങ്ങളെ വേർതിരിച്ചു കണ്ടുള്ള ചികിത്സാസംവിധാനമാണ് ഒരുക്കുന്നത്.
രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി പറയുന്ന ചില സ്ഥലങ്ങളിൽ ചിതമായ അണുമുക്ത നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിലൊന്ന് തലശ്ശേരി മത്സ്യമാർക്കറ്റാണ്.
രോഗം സ്ഥിരീകരിച്ചവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലരുടെ കാര്യം നേരത്തേ പൊതുചർച്ചയിൽ വന്നിരുന്നു. അത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കും. അവർ എവിടെയൊക്കെ പോയി എന്ന് അറിയാൻ അന്വേഷണം നടത്തും.
നിർമാണ സാധനങ്ങൾക്ക് വിലകൂട്ടുന്നത് ശക്തമായി തടയും. ഈ തക്കം നോക്കി വില വർധിപ്പിക്കുന്ന പ്രവണത അംഗീകരിക്കില്ല. മാസ്‌ക് ധരിക്കാത്ത 3165 സംഭവങ്ങൾ സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത ജനവിഭാഗങ്ങൾക്കുള്ള ആയിരം രൂപ സഹായം 11 ലക്ഷം പേർക്ക് ഇതിനകം കൊടുത്തു. ഞായറാഴ്ചയോടെ ഇതിന്റെ വിതരണം പൂർത്തിയാകും. ആകെ 14,72,236 പേർക്കാണ് സഹായം ലഭിക്കുക.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1481 കോടി രൂപ ഇതിനകം അനുവദിച്ചു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, എംഎസ്എംഇ മേഖലകൾക്കാണ് വായ്പ നൽകുന്നത്.
വിക്ടേഴ്സ് ചാനൽ ഇപ്പോൾ കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ജിയോ ടിവിയിലും ഇന്നലെ മുതൽ വിക്ടേഴ്സ് ലഭ്യമാക്കിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ നെറ്റവർക്ക് വഴി വിക്ടേഴ്സ് കാണാൻ കഴിയും.
കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി എല്ലാ ജില്ലകളിലും കാർട്ടൂൺ മതിലുകൾ ഒരുക്കി. ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായാണ് ചിത്രങ്ങൾ വരച്ചത്. വ്യത്യസ്തമായ പരിപാടിക്ക് നേതൃത്വം നൽകിയ കാർട്ടൂൺ അക്കാദമിയെയും കാർട്ടൂണിസ്റ്റുകളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.