റെയില്‍വേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക്

post

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക് നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. 

ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐജി ഇ. ജെ. ജയരാജിനും ദക്ഷിണ കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐജി ജി. ലക്ഷ്മണുമാണ് നല്‍കിയിരിക്കുന്നത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. ഡോ. ഷേയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല. ഓരോ റെയില്‍വേ സ്റ്റേഷന്‍റെയും ചുമതല എ.എസ്.പി.മാര്‍ക്കോ ഡിവൈഎസ്പിമാര്‍ക്കോ നല്‍കിയിട്ടുണ്ട്. 

റെയില്‍വേ സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.കാസര്‍ഗോഡ് (കാസര്‍ഗോഡ് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.), കണ്ണൂര്‍ (കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി.), കാഞ്ഞങ്ങാട് (എ.എസ്.പി., എസ്.എം.എസ്. വയനാട്), തിരൂര്‍ ജംഗ്ഷന്‍, ഷൊര്‍ണ്ണൂര്‍ (രണ്ടിടത്തും മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.), തൃശൂര്‍ (തൃശൂര്‍ ഡി.സി.ആര്‍.ബി എ.സി.പി.), എറണാകുളം (എറണാകുളം ഡി.സി.ആര്‍.ബി. എ.സി.പി.), ആലപ്പുഴ (ആലപ്പുഴ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.), കോട്ടയം (കോട്ടയം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.), കൊല്ലം (കൊല്ലം ഡി.വൈ.എസ്.പി.), തിരുവനന്തപുരം (തിരുവനന്തപുരം ഡി.സി.ആര്‍.ബി. എ.സി.പി.).

പ്രധാനപ്പെട്ട ട്രെയിനുകള്‍ വരുകയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പോലീസ് മേധാവിമാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വേ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പോലീസ് സ്റ്റേഷനുകളും റെയില്‍വേ പോലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.