ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്റെ ഇ-വിദ്യാരംഭം പദ്ധതി

post

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 

50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളെ സഹായിക്കാനായി കമ്പ്യൂട്ടര്‍ സാക്ഷരതയുളള പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീട്ടിലെത്തും. സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യ, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.