ഇന്റഗ്രേറ്റഡ് കമാന്റ്-കണ്‍ട്രോള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്റഗ്രേറ്റഡ് കമാന്റ്-കണ്‍ട്രോള്‍-കമ്യൂണിക്കേഷന്‍ സെന്ററും സൗരോര്‍ജ പദ്ധതിയും കൊച്ചിയിലെ ജനജീവിതത്തെ കൂടുതല്‍ സുഗമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത് സേവനരംഗത്തെ കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കും. പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഇത് ഒരു കുടക്കീഴിലാക്കും. സാങ്കേതികവിദ്യകൊണ്ട് വിവിധ വകുപ്പുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുന്നത്. ജി.ഐ.എസ് സംവിധാനത്തിലൂടെ നഗരത്തിന്റെ സമസ്ത ആസ്തികളും രേഖപ്പെടുത്തും. അതാകട്ടെ ട്രാഫിക്, റോഡ് ശൃംഖല, പൊതുജനാരോഗ്യ ഘടന എന്നിവയുമായി ബന്ധപ്പെടുത്തി ചെയ്യേണ്ട കാര്യങ്ങള്‍ ഇന്ററാക്ടീവ് വെബ് മാപ്പുകളുടെ സഹായത്തോടെ ആവിഷ്കരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. പൊതുസര്‍വീസ് കാര്യക്ഷമമാക്കുന്നതിനും വെള്ളപ്പൊക്കം, മഹാമാരി എന്നിവയുടെ പശ്ചാത്തലത്തില്‍ അടിയന്തര സഹായം ആവശ്യമായിടങ്ങളില്‍ പെട്ടെന്ന് എത്തിക്കുന്നതിനും ഇതു പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിറ്റിസണ്‍ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിന്റെ സേവനങ്ങള്‍ പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാക്കാന്‍ ഇതു പ്രയോജനപ്പെടും. ഇവയിലൂടെ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി അതു പരിഹരിക്കാന്‍ ഇടപെടും; അല്ലെങ്കില്‍ പരാതി മുകളിലുള്ള ഓഫീസറുടെ മുമ്പിലെത്തും.
വെള്ളം കെട്ടിക്കിടക്കല്‍, നിരത്തുകളിലെ വിളക്ക് തെളിയിക്കാതിരിക്കല്‍, നിയമവിരുദ്ധ നിര്‍മാണങ്ങള്‍, വൃത്തിയില്ലാത്ത സാഹചര്യങ്ങള്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പൗരന്മാര്‍ക്ക് നേരിട്ട് ഉന്നയിക്കാം. ടെക്നോളജി ലഭ്യമല്ലാത്ത ആളുകള്‍ക്ക്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
28 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സി.എസ്.എം.എല്‍. 14.6 ലക്ഷം യൂണിറ്റ് മലിനരഹിത ഊര്‍ജം ഒരുവര്‍ഷം ഉണ്ടാക്കുന്നതാണ് ഈ പദ്ധതി. കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ തുകയില്‍ ഒരുകോടി ഇരുപതു ലക്ഷം രൂപയുടെ ലാഭം ഒരു വര്‍ഷം ഈ വഴിക്ക് ഉണ്ടാക്കാനാവും. കാര്‍ബണ്‍ മാലിന്യം ആയിരം ടണ്‍ കണ്ട് കുറയ്ക്കാനാവും. 5400 വൃക്ഷങ്ങള്‍ നടുന്നതുകൊണ്ടുണ്ടാവുന്ന ഗുണത്തിനു തുല്യമാണിത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ വലിയ ഒരു നേട്ടമാണ് നാം ഇവയിലൂടെ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഹൈബി ഈഡന്‍ എം.പി, എം.എൽ.എ മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.