അക്ഷരവൃക്ഷം അവസാന വോള്യങ്ങൾ പ്രകാശനം ചെയ്തു
ലോക്ഡൗൺ കാലയളവിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ അക്ഷരവൃക്ഷം പദ്ധതിയുടെ എട്ട്, ഒൻപത്, പത്ത് വോള്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. എട്ടാം വോള്യം തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഒൻപതാം വോള്യം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, പത്താം വോള്യം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ ഏറ്റുവാങ്ങി.
ഇതിൽ 419 കവിതകൾ, 360 കഥകൾ, 274 ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പദ്ധതിയിലേക്ക് ആകെ 56,249 രചനകളാണ് ലഭിച്ചത്. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയിൽ നിന്നു വിദഗ്ധസമിതി തെരഞ്ഞെടുത്തവയാണ എസ്.സി.ഇ.ആർ.ടി. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ജെ. പ്രസാദ് എന്നിവർ സംബന്ധിച്ചു.