കോവിഡ് പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

post

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ നടത്തും. ചർച്ചയിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കാനുള്ള കേന്ദ്ര തീരുമാനം വന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം തീരുമാനമെടുത്തത്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ പുനരാലോചന നല്ലതല്ലേയെന്ന അഭിപ്രായം തന്ത്രി പ്രകടിപ്പിച്ചു. അത് ശരിയാണെന്നാണ് സർക്കാരിന്റെ അഭിപ്രായം. ശബരിമലയിൽ എത്തുന്ന ഭക്തരിൽ നല്ലൊരു ശതമാനവും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം വലിയ തോതിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. കർശന നിബന്ധനകളോടെ വിർച്വൽ ക്യൂ സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെങ്കിലും ഇവിടെയെത്തുന്നവരിൽ ഒരു രോഗിയുണ്ടായാൽ അത് ക്ഷേത്ര നടത്തിപ്പിനെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്താൻ തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചതെന്ന് മന്ത്രി അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ഉത്കണ്ഠയാണ് ഇരുവരും പ്രകടിപ്പിച്ചത്. ഇത് സർക്കാരിനും ബോധ്യമുള്ള കാര്യമാണ്.

ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷത്തെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദ്ദേശം വന്നതോടെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. സംസ്ഥാനത്തെ വിവിധ മത മേലധ്യക്ഷൻമാർ, സമുദായ സംഘടനാ പ്രതിനിധികൾ, ദേവസ്വം അധികൃതർ, തന്ത്രി സംഘടനാ പ്രതിനിധികൾ എന്നിവരുമായി ഇതിനു മുന്നോടിയായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രമാണ് ശബരിമലയെന്നും ഭരണപരമായ കാര്യങ്ങളിൽ ഒഴിച്ച് തന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്തരുടെ താത്പര്യത്തിന് എതിരായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടില്ലെന്ന് ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനരര്. മനുഷ്യന്റെ ആരോഗ്യത്തെ സംബന്ധിച്ച കാര്യമായതിനാലാണ് ദേവസ്വം ബോർഡിന് കത്ത് നൽകിയത്. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ യോഗത്തിന് മുൻപും ശേഷവും ദേവസ്വം ബോർഡ് പ്രസിഡന്റ് ബന്ധപ്പെട്ടിരുന്നു. ലോക്ക്ഡൗണിനു ശേഷം ഒാരോന്നായി തുറക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതുപോലെ ആരാധനാലയങ്ങളും നിർബന്ധമായും തുറക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചതെന്ന് ആദ്യം കരുതി. അതിനാൽ ജൂണിൽ ഉത്‌സവം നടത്തണമെന്ന് കത്തു നൽകി. പിന്നീടാണ് ഇത് നിർബന്ധിത നിയമമല്ലെന്ന് മനസിലായത്. ഈ മാസം കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. ആ നിലയ്ക്കാണ് ഉത്‌സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. ശബരിമലയിലുള്ളത് പുറപ്പെടാ ശാന്തിയാണ്. ഉത്‌സവം തുടങ്ങിയ ശേഷം ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ ഉത്‌സവം മുടങ്ങും. തനിക്ക് രാഷ്ട്രീയമില്ലെന്നും ദേവസ്വവുമായി യാതൊരു പ്രശ്‌നവുമില്ലെന്നും തന്ത്രി പറഞ്ഞു.

ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ദേവസ്വം ഏകപക്ഷീയമായ നിലപാടെടുത്തിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ചുള്ള തന്ത്രിയുടെ ആശങ്ക തങ്ങളുടെയും ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു.