ദുരിതാശ്വാസ നിധിയ്ക്ക് എൽ ഇ ഡി ബൾബ് ചലഞ്ച്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ യുവജനങ്ങളുടെ എൽ ഇ ഡി ബൾബ് ചലഞ്ച്. സംസ്ഥാന യുവജനക്ഷേമബോർഡിന്റേതാണ് പദ്ധതി. എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച്് പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബൾബ് വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകും. സംരംഭത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. ആദ്യ ബൾബ് പ്രശസ്ത സിനിമാ നടൻ ഇന്ദ്രൻസിന് നൽകി.
യുവ എന്ന പേരിൽ 9 വാട്ട് ബൾബാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. 150 രൂപയാണ് വില. ബോർഡിന് കീഴിൽ രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ ഇടുക്കി ജില്ലയിലെ പ്രത്യേക പരിശീലനം നേടിയ വളന്റിയർമാരാണ് സംരംഭത്തിന് തുടക്കമിട്ടത്.
പഞ്ചായത്ത്തല യൂത്ത് കോ-ഓർഡിനേറ്റർമാരും കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളും ചേർന്നാണ് ബൾബുകളുടെ വിപണനം നടത്തുന്നത്. ബൾബ് നിർമ്മാണം സജീവമാക്കി കൂടുതൽ യൂണിറ്റുകൾ ആരംഭിച്ച് യുവാക്കൾക്ക് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനുള്ള സംരംഭമായി ഇതിനെ മാറ്റിയെടുക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സജീവ ഇടപെടലാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്നത്. കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിലുള്ളവരുടെ പരിചരണം യൂത്ത് വോളന്റിയർമാരുടെ നേതൃത്വത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. യുവജനക്ഷേമബോർഡ് ചെയർമാൻ പി ബിജു, ഇടുക്കി ജില്ലാ ഓഫീസർ വി എസ് ബിന്ദു, യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളായ സുധിൻ, രാജേന്ദ്രൻ, റോഷൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.