പെൻഷനുകൾ ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം: 88 ശതമാനം വിതരണം ചെയ്തു
സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് കാലത്ത് സർക്കാർ നൽകുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേർക്ക് (88 ശതമാനം) നൽകിയതായി രജിസ്ട്രാർ ഓഫ് കോ-ഓപറേറ്റീവ്സ് സൊസൈറ്റീസ് ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി അറിയിച്ചു.
ആകെ 14.78 ലക്ഷം പേർക്കാണ് ഇതുപ്രകാരം ആനുകൂല്യം നൽകുന്നത്. സർവീസ് സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം. ജൂൺ 15 നകം പൂർത്തിയാകുന്ന വിധത്തിലാണ് സഹകരണ സ്ഥാപനങ്ങൾ തുക വിതരണം ചെയ്യുന്നത്.
സഹകരണ ബാങ്ക് ജീവനക്കാർ ഗുണഭോക്താക്കളെ നേരിട്ട് കണ്ടാണ് തുക നൽകുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ എടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് വിതരണം. ഗുണഭോക്താക്കൾ നേരിട്ട് സത്യവാങ്്മൂലം നൽകിയാണ് തുക വാങ്ങേണ്ടത്. അതുകൊണ്ട് സ്ഥലത്തില്ലാത്തവർക്ക് നേരിട്ട് കൈപ്പറ്റാനാവില്ല. അങ്ങനെയുള്ളവരുടെയും അനർഹരുടെയും തുക തിരിച്ചടയ്ക്കാനാണ് സർക്കാർ നിർദേശം. 15നുള്ളിൽ തന്നെ മുഴുവൻ ഗുണഭോക്താക്കൾക്കും നേരിട്ട് പെൻഷൻ വിതരണം ചെയ്യാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.