കോവിഡ് 19: വാണിജ്യ - വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

post

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് മുൻവശത്തായി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. അനാവശ്യ സ്പർശനം ഒഴിവാക്കണം. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. 10 വയസ്സിന് താഴെയുളള കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുളളവരും ദൂർബലരും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ  നിർദ്ദേശങ്ങൾ നോട്ടീസ് ബോർഡിലുണ്ടാകണം. ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിക്കണം. പ്രവേശന കവാടത്തിനടുത്ത് തന്നെ കൈ ശുചിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.

തിരക്ക് ഒഴിവാക്കാൻ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ക്യൂ സംവിധാനം അല്ലെങ്കിൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് നടപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയ വിനിമയം നടത്തുന്നതിന് കണ്ണാടി /സുതാര്യമായ ഫൈബർ സ്‌ക്രീനുകൾ ഉപയോഗിക്കുക. വായു സഞ്ചാരം ഉറപ്പാക്കണം. എ.സി ഉപയോഗിക്കുന്നെങ്കിൽ മണിക്കൂറിൽ ആറ് എയർ കറന്റ് എക്‌സേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും മുറിക്കുളളിലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70 ശതമാനം വരെ ആയും നിലനിർത്തുന്ന വിധത്തിലും പ്രവർത്തിപ്പിക്കണം. ശുചിമുറി, അടുക്കള എന്നിവയിലുളള എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കണം. തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുളള ജീവനക്കാർ ജോലിയിൽ നിന്നും വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോാഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പ് വരുത്തണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം. രോഗലക്ഷണങ്ങളുളളവർക്ക് ദിശയുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തേടാം. കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽ പടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ച് ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കണം. പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയാഗിച്ച് വിരലുകൾ നനച്ച് പണം എണ്ണരുത്. ഡിജിറ്റൽ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കണം. ലിഫ്റ്റുകൾ പരമാവധി ഒഴിവാക്കുക. കുടിവൈളളം, ചായ, കാപ്പി തുടങ്ങിയ പാനീയം വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിൾ കപ്പുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.