ബ്രേക്ക് ദ ചെയിൻ സ്‌പെഷ്യൽ പോസ്റ്റ് കവർ പുറത്തിറക്കി
കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പോസ്റ്റൽ വകുപ്പുമായി സംയുക്തമായി ബ്രേക്ക് ദ ചെയിൻ ക്യമ്പയിൻ സ്‌പെഷ്യൽ പോസ്റ്റ് കവർ പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ സ്‌പെഷ്യൽ പോസ്റ്റ് കവർ പ്രകാശനം ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തിൽ വ്യത്യസ്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പിന് കീഴിൽ നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സ്‌പെഷ്യൽ പോസ്റ്റ് കവർ പുറത്തിറക്കിയത്. ബ്രേക്ക് ദ ചെയിനിന്റെ 'തുടരണം ഈ കരുതൽ' പരമാവധി ആൾക്കാരിൽ എത്തിക്കുകയാണ് ലക്ഷ്യം. സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിവ വ്യക്തമാക്കുന്ന 'എസ്എംഎസ് കാമ്പയിൻ' ആണ് സ്‌പെഷ്യൽ പോസ്റ്റ് കവറിലുള്ളത്.
മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വി. രാജരാജൻ, ഡെപ്യൂട്ടി പോസ്റ്റൽ സൂപ്രണ്ട് സയിദ് റാഷിദ്, സീനിയർ സൂപ്രണ്ട് പ്രതീക് എന്നിവർ സംബന്ധിച്ചു.