ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ പുറത്തിറക്കി കയര്‍ കോര്‍പറേഷന്‍
* ആദ്യ മാറ്റ് മന്ത്രി തോമസ് ഐസക് വിതരണം ചെയ്തു
കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകളുമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. 'ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റ് ' എന്ന പേരില്‍ വിപണിയില്‍ എത്തുന്ന മാറ്റിന്റെ ആദ്യ വിതരണം ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള മാറ്റ് ജൂലൈ മുതല്‍ പൊതുവിപണിയില്‍ ലഭ്യമാകും.ആദ്യ ഘട്ടത്തില്‍ ഒരു മാസം പരീക്ഷണമെന്നോണം മുന്‍സിപ്പാലിറ്റി ആശ്രമം വാര്‍ഡിലെ 50 വീടുകളില്‍ മാറ്റ് നല്‍കും. മാറ്റിന്റെ ഉപയോഗ രീതി പറഞ്ഞു നല്‍കാനും പോരായ്മകള്‍ കണ്ടെത്തനുമായി വിദഗ്ധരായ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചു ജൂലൈ ആദ്യം മാറ്റുകള്‍ വിപണിയില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാനിറ്റൈസര്‍ നിറച്ച ട്രേയില്‍ പ്രകൃതി ദത്ത നാരുകള്‍ കൊണ്ടു നിര്‍മ്മിച്ച കയര്‍ മാറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പുറത്തു പോയി വരുന്നവര്‍ മാറ്റില്‍ ചവിട്ടി കാല്‍ വൃത്തിയാക്കുമ്പോള്‍ കാലിലൂടെ രോഗ വ്യാപന സാധ്യത ഇല്ലാതാകും. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജിയിലെ വിദഗ്ധരും, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന സാനിറ്റൈസര്‍ ലായനിയാണ് ആന്റി കോവിഡ് മാറ്റില്‍ ഉപയോഗിക്കുന്നത്. കയര്‍ മാറ്റ്, ട്രേ, സാനിറ്റൈസര്‍ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയില്‍ എത്തുക. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാറ്റുകള്‍ എത്തിക്കും .വീടുകളിലെയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് മാറ്റുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. വിവിധ രൂപകല്പനയില്‍ ഉള്ള മാറ്റുകള്‍ അടങ്ങിയ കിറ്റുകള്‍ 200 രൂപ മുതലുള്ള നിരക്കില്‍ കുടുംബശ്രീയും കയര്‍ കോര്‍പറേഷന്റെ വിപണന കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും. ആശ്രമം വാര്‍ഡില്‍ സബിലാലിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം. ആര്‍ പ്രേം, കയര്‍ വകുപ്പ് സെക്രട്ടറി എന്‍. പദ്മകുമാര്‍ , കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, മാനേജിങ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, എന്‍ സി ആര്‍ എം ഐ ഡയറക്ടര്‍ കെ. ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.