സുഭിക്ഷകേരളം : രാജ്ഭവനിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

post

സുഭിക്ഷകേരളം പദ്ധതിക്ക് കീഴിലെ ഡൗൺ ടു എർത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും നഗരസഭയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് രാജ്ഭവനിൽ പച്ചക്കറി കൃഷി നടത്തുന്നത്. പ്രാരംഭഘട്ടത്തിൽ അഞ്ച് ഏക്കറോളം ഭൂപ്രദേശത്താണ് കൃഷി. തക്കാളി, കത്തിരി, വെണ്ട, മത്തൻ, പടവലം, മുളക് തുടങ്ങിയ പച്ചക്കറികൾക്കു പുറമെ പപ്പായ, വിവിധതരം വാഴകൾ, ചോളം, ഡ്രാഗൺ ഫ്രൂട്ട്, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നു.

മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കിലെ ചെയർമാൻ വി.ശിവൻകുട്ടി, കർദ്ദിനാൾ മാർബസേലിയോസ് ക്ലിമ്മിസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് ജില്ലാ ചെയർമാൻ രഘുചന്ദ്രൻ നായർ, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.