ഭിന്നശേഷി കുട്ടികൾക്കായുള്ള 'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച  'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്കായുള്ള പ്രത്യേക അവകാശ നിയമപ്രകാരവും ഭിന്നശേഷികുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണ്.

ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുഴുവൻ ഭാഷാ വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും 'വൈറ്റ് ബോർഡ്' പഠനം ഒരുക്കും. സമഗ്ര ശിക്ഷാ കേരളയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ കേന്ദ്രീകരിച്ച് 2500 ഓളം റിസോഴ്‌സ് അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരും ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളും ചേർന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

വാട്‌സപ് കൂട്ടായ്മ രൂപീകരിച്ച് പാഠഭാഗങ്ങൾ ഭിന്നശേഷി കുട്ടികളിലെത്തിക്കും. കുട്ടികളെ കൂടാതെ രക്ഷിതാക്കളും അധ്യാപകരും ഗ്രൂപ്പുകളിലുണ്ടാകും.  ഓരോ കുട്ടിക്കും വേണ്ട വർക്ക് ഷീറ്റുകൾ വീടുകളിൽ നേരിട്ട് എത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശിക പൊതു പഠനകേന്ദ്രങ്ങളിലും ഓട്ടിസം സെന്ററുകളിലുമെല്ലാം ഇവ  ലഭ്യമാക്കും. ജൂൺ 22 മുതൽ 'വൈറ്റ് ബോർഡ്' ക്ലാസുകൾ നവമാധ്യമങ്ങൾ വഴി കുട്ടികളിലെത്തും.

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡയരക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ ജീവൻ ബാബു,  സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ്  ഡയരക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.