നിയന്ത്രണങ്ങൾ പിന്തുടർന്ന് ആരോഗ്യ സന്ദേശപ്രചാരകരാകണം - മുഖ്യമന്ത്രി
ജനങ്ങൾ നിയന്ത്രണങ്ങൾ സ്വയം പിന്തുടരുകയും മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത് ആരോഗ്യ സന്ദേശ പ്രചാരകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നമ്മുടെ ഇതുവരെയുള്ള ഇടപെടലുകൾ ഫലപ്രദമായതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമത്തേത്, ശാരീരിക അകലം പാലിക്കുന്നതും മാസ്‌കും ശീലമാക്കിയതു തന്നെയാണ്. രണ്ടാമത്തേത്, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കിയത്. മൂന്നാമതായി, റിവേഴ്സ് ക്വാറൻറൈൻ. തുടർന്നും ഇവ മൂന്നും പഴുതുകളില്ലാതെ നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ രോഗബാധയെ പിടിച്ചുനിർത്താൻ കഴിയുകയുള്ളു.
രോഗ ചികിത്സക്കായി കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ആശുപത്രികൾക്ക് പുറമേ ഗുരുതരമായ രോഗമില്ലാത്തവരെ ചികിത്സിക്കാൻ കോവിഡ് ഒന്നാം തല ചികിത്സാ കേന്ദ്രങ്ങൾ രണ്ടെണ്ണം വീതം (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ) എല്ലാം ജില്ലകളിലും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. കോവിഡ് ഇതര രോഗികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഇതര രോഗികളുടെ ചികിത്സ പുനരാരംഭിക്കുകയാണ്. കോവിഡിന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള ആൻറി ബോഡി ടെസ്റ്റ് പുരോഗമിച്ചു വരികയാണ്.
സ്വകാര്യ ലാബറട്ടറികളിലെ ആർടി പിസിആർ ടെസ്റ്റുകളുടെ ചെലവ് മറ്റു ചില സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സർക്കാർ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആർ അനുമതി ലഭ്യമായതും 30 മിനിട്ടിനുള്ളിൽ റിസൾട്ട് കിട്ടുന്നതുമായ റാപ്പിഡ് ആൻറിജൻ ടെസ്റ്റ് കിറ്റുകൾ കേരളത്തിലും ഉപയോഗിച്ച് തുടങ്ങണമെന്ന വിദ്ഗ്ധസമിതി ശുപാർശയും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.