കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇനി ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കും ഡിസൈനര്‍ മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍മിച്ച കുടുംബശ്രീ ഇനി ആയുര്‍ മാസ്‌ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു. സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നഗരസഭാ സി.ഡി.എസുകളിലെ മണികണ്‌ഠേശ്വര, വനന്ദ എന്നീ കുടുംബശ്രീ യൂണിറ്റുകളെ തിരഞ്ഞെടുത്ത് പൊതു അവബോധന പരിശീലനം നല്‍കി.
തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അസി. പ്രഫസര്‍ ഡോ. എസ്.ആനന്ദിന്റെ നേതൃത്വത്തിലാണ് ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ആയുര്‍ മാസ്‌കുകളുടെ നിര്‍മാണം. ശ്വസനപ്രക്രിയയെ സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളള തുളസി, മഞ്ഞള്‍ എന്നീ ഔഷധ സസ്യങ്ങളില്‍ നിന്നുള്ള ഔഷധാംശങ്ങള്‍ നിശ്ചിത അളവില്‍ ജലത്തില്‍ ലയിപ്പിച്ച് കുറുക്കിയ ശേഷം ഇത് ബാഷ്പരൂപത്തില്‍ കൈത്തറി തുണി കൊണ്ടുള്ള മാസ്‌കില്‍ പതിപ്പിക്കുകയാണ് ചെയ്യുത്. മാസ്‌ക് ധരിക്കേണ്ടി വരുന്ന അവസരത്തിലെല്ലാം ശ്വസിക്കുന്നതിനോടൊപ്പം മാസ്‌കില്‍ നിന്നുള്ള ഔഷധഗുണങ്ങളും ഉള്ളിലെത്തുന്നതു വഴി ശ്വസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമാക്കുന്നതിനും സാധിക്കും. ആയുര്‍ മാസ്‌കുകള്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ഇതില്‍ നിന്നും മൂന്നു മാസം വരെ മഞ്ഞളിന്റെയും തുളസിയുടെയും ഔഷധഗുണങ്ങള്‍ നഷ്ടപ്പെടില്ല എന്നതും പ്രത്യേകതയാണ്.
ഗുണനിലവാരം ഉറപ്പു വരുത്തി നിര്‍മിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സെന്ററില്‍ ഡോ. എസ്.ആനന്ദ്, ഫാര്‍മസിസ്റ്റ് അജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് മാസ്‌ക് നിര്‍മ്മിക്കുതിനുളള പരിശീലനം നല്‍കുക. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചു മുതലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ ആവശ്യമനുസരിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നാനൂറോളം യൂണിറ്റുകള്‍ മുഖേന 47 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ചു വിതരണം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആയുര്‍ മാസ്‌കിന്റെ നിര്‍മാണവും കുടുംബശ്രീയെ ഏല്‍പിച്ചത്.