സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി

post

കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇതിനുള്ള പദ്ധതി ചർച്ച ചെയ്തു.

രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും മലയാളികൾ വരികയാണ്.  സർക്കാർ-സ്വകാര്യ മേഖലകൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട ഘട്ടമാണിത്. നേരത്തെ തന്നെ പല ആശുപത്രികളും അവരുടെ സൗകര്യം പൊതുകാര്യത്തിനായി വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്.  സർക്കാർ മേഖലയിലെ ഡോക്ടർമാരും സ്വകാര്യമേഖലയിലെ ഡോക്ടർമാരും ഒരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ശരിയായ ഏകോപനത്തോടെ വികേന്ദ്രീകൃത രീതിയിലാണ് ഇക്കാര്യങ്ങൾ മുന്നോട്ടുപോകേണ്ടത്. ഇതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ മോണിറ്ററിങ് സംവിധാനം ഉണ്ടാക്കും. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ചേർന്നുള്ള സംയുക്തനീക്കമാണ് വേണ്ടത്.

പ്രായമായവർ, മറ്റു രോഗികൾ, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവർ തുടങ്ങിയവരുമായൊക്കെ ഡോക്ടർമാർക്ക് സംവദിക്കാൻ ടെലിമെഡിസിൻ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാൻ തയ്യാറാകുന്ന ഡോക്ടർമാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തിൽ തയ്യാറാക്കും. ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാർക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരും ആ നിലയ്ക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്‌ക് എന്നിവ കേരളത്തിൽ തന്നെ നിർമിക്കാൻ തുടങ്ങിയതിനാൽ ആ പ്രശ്‌നം പരിഹരിക്കാനാകും.

അടുത്ത മൂന്നോ നാലോ മാസത്തെ നിലയും പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരവും കണക്കാക്കി പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, ഓക്‌സിജൻ സിലിണ്ടർ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പരമാവധി കരുതണം. സർക്കാരിന്റ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.