ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകും; 90 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം
ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ പ്രയോജനം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും.
40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് നിലവിൽ വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുക വർദ്ധനവിന്റെ പകുതി സബ്‌സിഡി നൽകും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന മുഴുവൻ ഉപഭോക്താക്കൾക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വർദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നൽകും. ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണകൾ അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണകൾ വരെ അനുവദിക്കും.
സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം വർധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടി ആയതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചു. ലോക്ക്ഡൗൺ മൂലം റീഡിങ് എടുക്കാൻ കഴിയാതിരുന്നതിനാൽ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബിൽ തുക കണ്ട് പലരും അമ്പരന്നു. താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ല. എങ്കിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താനും വൈദ്യുതി ബോർഡിനോട് പരാതി ശ്രദ്ധയിൽ വന്നപ്പോൾ തന്നെ സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഇളവുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഇതുമൂലം ഉണ്ടാകും.