ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കുടുംബശ്രീ

post

തൃശൂര്‍ : സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തരംതിരിക്കുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ജില്ലയില്‍ ഒരു ദിവസം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ തരംതിരിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് എത്തിച്ച് നല്‍കാനുളള കഠിനാദ്ധ്വാനത്തിലാണ് കുടുംബശ്രീ. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 30നകം ഒരുലക്ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.

തൃശൂര്‍ ജില്ലയിലെ പാഠപുസ്തക ഹബ്ബുകളായ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, വെളിയന്നൂര്‍ ബുക്ക് ഡിപ്പോ എന്നിവിടങ്ങളില്‍ എത്തിച്ചിരിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരം തിരിച്ചു നല്‍കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കാന്‍ കുടുംബശ്രീയുടെ അധ്വാനവും കൂട്ടിച്ചേര്‍ത്ത് 14 കുടുംബശ്രീ പ്രവര്‍ത്തകരാണ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തനത്തില്‍ അണിനിരക്കുന്നത്.

ജൂണ്‍ ഒന്നുമുതല്‍ പുതിയ പുസ്തകങ്ങളുടെ തരംതിരിക്കല്‍ തുടങ്ങി. ജൂണ്‍ നാല് മുതലാണ് സൊസൈറ്റിയിലേക്ക് പുസ്തകം എത്തിച്ചു തുടങ്ങിയത്. പത്ത് പേരാണ് ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍, ബസിന്റെ കുറവ് എന്നീ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇതുവരെ മൂന്നര ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇപ്പോള്‍ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് തൃശൂര്‍ എന്‍ജിനീറിങ് കോളേജിലേക്കും ഹബ്ബ് മാറ്റി. ഞായറാഴ്ചകളിലും ഓവര്‍ടൈം ചെയ്ത് പരമാവധി ജൂണ്‍ 30 നുള്ളില്‍ തന്നെ ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നിലവില്‍ പുസ്തകം തരം തിരിക്കുന്ന ഹബ്ബുകളില്‍ ബണ്ടില്‍ മെഷീന്‍ സുഗമമായി പ്രവര്‍ത്തിക്കാത്തതും, വെളിച്ചമില്ലാത്തതും, നെറ്റ്വര്‍ക് സംവിധാനം ഇല്ലാത്തതുമായ സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണിലും ചുരുങ്ങിയ സമയത്തില്‍ പുസ്തകം എത്തിച്ചു. ഏഴു സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായുള്ള പുസ്തകങ്ങളാണ് തരം തിരിച്ച് വിതരണം ചെയ്യുന്നത്. കൂട്ടായ്മയിലൂടെ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ.