'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി കാർഷികോല്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കും: മുഖ്യമന്ത്രി

post

കാർഷികോല്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കർഷകർക്ക് നല്ല വില ലഭ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉല്പാദനം വർധിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്തെ കാതലായ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഉല്പാദനത്തിനനുസരിച്ച് വിപണിയുണ്ടാകണം. വിലകിട്ടണം. 'സുഭിക്ഷ കേരളം' പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കാർഷിക മൊത്ത വിപണികൾ, ജില്ലാതല സംഭരണ കേന്ദ്രങ്ങൾ, ബ്ലോക്ക്തല വിപണികൾ, ആഴ്ചച്ചന്തകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻതൈ വിതരണം, ഈ വർഷത്തെ ഞാറ്റുവേലച്ചന്ത, കർഷകസഭ, ഒരു കോടി ഫലവൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണം എന്നീ പരിപാടികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

കോവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിനും ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതിയാണ് 'സുഭിക്ഷ കേരള'മെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾ അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിന് തുടക്കം കുറിച്ചു.  കേരളമൊന്നടങ്കം ഈ പദ്ധതി ഏറ്റെടുത്തുവെന്നത് അഭിമാനകരമാണ്.

'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടു വളർത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ജൂൺ 22 മുതൽ  ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. അനുയോജ്യമായ ഭൂമി കണ്ടെത്താനും കൃഷി ചെയ്യാനും വൃക്ഷത്തൈ നടാനും തുടർ പരിപാലനം നടത്താനും ഓരോരുത്തരും മുൻകൈയെടുക്കണം.

നാളികേര കൃഷി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് കൃഷി ഭവനുകളിലൂടെ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 7.81 ഹെക്ടറിലാണ്  കേരകൃഷിയുള്ളത്. എന്നാൽ, ഉല്പാദനക്ഷമത കുറവാണ്. അതുകൊണ്ടാണ് അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്തും അതിന്റെ പരിപാലനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയും ഉൽപാദന ക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

തിരുവാതിര ഞാറ്റുവേലയുടെ  സവിശേഷത കൂടി കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി കർഷക സഭകളും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിച്ചത്. കർഷകർക്ക് തങ്ങളുടെ കൈവശമുള്ള നടീൽ വസ്തുക്കളും വിത്തുകളും പരസ്പരം കൈമാറുന്നതിന് ഓരോ കൃഷി ഭവൻ വഴിയും അവസരം ഉണ്ടാകും. നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ മഹാമാരിയുടെ കാലത്ത് ഞാറ്റുവേല ചന്തകളും കർഷകസഭകളും കാർഷിക മേഖലയ്ക്ക് ഉണർവേകും എന്നു തന്നെയാണ് സർക്കാർ കരുതുന്നത്.    

വിവിധ പദ്ധതികളിലൂടെ കാർഷിക ഉൽപാദനം വർധിപ്പിച്ച് കർഷകരുടെ ജീവിതനിലവാരവും ആത്മവിശ്വാസവും ഉയർത്താൻ ഈ കാലയളവിൽ സർക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയാനന്തരം നെല്ലുൽപാദനത്തിൽ റെക്കോർഡ് കൈവരിച്ചതും പാൽ, മുട്ട എന്നിവയുടെ ഉൽപാദനം ഗണ്യമായ വർധിച്ചതും അതിന് ഉദാഹരണങ്ങളാണ്.

ഈ സർക്കാർ വന്നപ്പോൾ 1.96 ലക്ഷം ഹെക്ടറിലായിരുന്നു നെൽക്കൃഷി ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടേകാൽ ലക്ഷത്തിലധികം ഹെക്ടറായി വർധിച്ചു. വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒട്ടേറെ  പ്രദേശങ്ങളിൽ കൃഷിയിറക്കാൻ സാധിച്ചു. 5000 ഹെക്ടറിൽ കൂടി നെൽക്കൃഷി വ്യാപിപ്പിക്കാനാണ് 'സുഭിക്ഷ കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നാലുവർഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉൽപാദനം ഇരട്ടിയാക്കാൻ സർക്കാരിന് സാധിച്ചു. ഏഴു ലക്ഷം മെട്രിക് ടണ്ണായിരുന്ന പച്ചക്കറി ഉൽപാദനം ഇപ്പോൾ 14.72 ലക്ഷം മെട്രിക് ടണ്ണായി. സ്‌കൂൾ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ പച്ചക്കറി കൃഷി ചെയ്യുന്നു. സംസ്ഥാനത്ത് കൃഷി ഒരു സംസ്‌കാരമായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.