ഉറവിടം കണ്ടെത്താത്ത കേസുകൾ കേരളത്തിൽ രണ്ടുശതമാനത്തിൽ താഴെ

post

ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ അധികമാണ്.

രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ കൃത്യമായ 'ഇൻറർവെൻഷൻ പ്രോട്ടോക്കോൾ' കേരളം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ ക്ളസ്റ്ററുകൾ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. അത്തരം പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണുകളായി തിരിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഫലമായി ക്ളസ്റ്ററുകൾ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. എന്നാൽ, സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുവെന്ന് ഇതിനർഥമില്ലെന്ന് നാം ഓർക്കണം.

വ്യാപന തോത് തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടണം. അതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം കേരളം ഉയർത്തിയത്. പ്രധാനമന്ത്രിക്കുൾപ്പെടെ ആവശ്യമുന്നയിച്ച് സംസ്ഥാനം കത്തുകൾ എഴുതിയിരുന്നു. വിദേശ മന്ത്രാലയത്തിനും തുടർച്ചയായി കത്തെഴുതി.

അതിന്റെയടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടു. അതിന്റെ വിശദാംശങ്ങൾ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആൻറിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറിൽ കഴിഞ്ഞദിവസം ഇവിടെ പറഞ്ഞതുപോലെ, ഒരു പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ.

കുവൈത്തിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ഇപ്പോൾ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയർലൈൻ കമ്പനികളുടെ ആവശ്യാനുസരണം കൂടുതൽ ടെർമിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും എന്നാണ് വിദേശ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവുവരിക.

ഒമാനിൽ ആർടി പിസിആർ ടെസ്റ്റുകൾ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാൽ, ജൂൺ 25ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. സൗദിയിലും റാപ്പിഡ്, ആൻറിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളിൽ നടത്തുന്നെങ്കിലും അത് സർക്കാർ അംഗീകരിച്ചിട്ടില്ല.

ബഹ്റൈനിൽ ഇതിന് പ്രയാസമുണ്ട് എന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോൾ നാം പറഞ്ഞിട്ടുള്ളത് ജൂൺ 25 മുതൽ ചാർട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വരുമ്പോൾ യാത്രക്കാർ ടെസ്റ്റ് ചെയ്തിരിക്കണം എന്നതാണ്. യാത്രയ്ക്കിടയിൽ രോഗപകർച്ച ഉണ്ടാകാൻ പാടില്ല.

ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രയാസമില്ലാത്ത രീതിയിൽ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര സർക്കാരുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.