മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് 'ബ്രേക്ക് ദി ചെയിൻ ഡയറി'യുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വിദ്യാർഥികൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി വിതരണം ചെയ്യാൻ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ തയ്യാറെടുക്കുന്നു.
സംസ്ഥാനത്തെ മുന്നൂറിൽപരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കും കടകൾക്കുമാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി നൽകുന്നത്.
വരുന്ന ദിവസങ്ങളിൽ കടകളിൽ സന്ദർശിക്കുന്ന/ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കാൻ പൊതുഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് ആദ്യഘട്ട വിതരണത്തിന് തയ്യാറാക്കുന്നത്.
സ്വന്തം വീടുകളിൽ നിന്നു പുറത്ത് പോകുന്നവരുടെ യാത്ര വിശദാംശങ്ങൾ നോട്ട് ബുക്കിൽ എഴുതി സൂക്ഷിച്ചു വരുന്ന വിദ്യാർഥി വളണ്ടിയർമാർ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ പ്രവർത്തനത്തിന് മുതിരുന്നത്.
വി.എച്ച്.എസ്.ഇ വിഭാഗത്തിലെ പ്രിന്റിംഗ് ടെക്‌നോളജി വിദ്യാർഥി വളണ്ടിയർമാരാണ് ഡയറി ഡിസൈൻ ചെയ്തത്. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിലനിൽക്കുന്ന പഞ്ചായത്തിലെ ഡ്രൈവർമാർക്കും കടകൾക്കും 'ബ്രേക്ക് ദി ചെയിൻ ഡയറി' കോവിഡ് പ്രോട്ടോകോൾ പാലിച്ച് നൽകുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ അധ്യാപക പ്രോഗ്രാം ഓഫീസർമാരും പി.റ്റി.എ അംഗങ്ങളും പൂർവ്വ വിദ്യാർഥികളും രംഗത്തുണ്ടാകും.