പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം

post

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധനകള്‍ തുടങ്ങി

എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ് കിറ്റുകളാണ് കെ.എം.എസ്.സി.എല്‍. മുഖാന്തരം ലഭ്യമാക്കിയത്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോട്ടുകളിലാണ് ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയാതെ വരുന്ന യാത്രക്കാര്‍ക്കാണ് പ്രധാനമായും എയര്‍പോര്‍ട്ടില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തുന്നത്. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഐജിഎം(IgM)/ഐജിജി(IgG) എന്നീ പരിശോധനകളാണ് ആന്റി ബോഡി പരിശോധനയിലൂടെ നടത്തുന്നത്. ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് (IgM/IgG) ആകുന്നവരെ കോവിഡ് കെയര്‍ സെന്ററിലേക്കും അല്ലാത്തവരെ ക്വാറന്റൈനിലേക്കും വിടുന്നു. ക്വാറന്റൈനിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അവരേയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ ഫലം അറിയാന്‍ കഴിയുന്നു എന്നതാണ് ആന്റിബോഡി ടെസ്റ്റിന്റെ പ്രത്യേകത. അതേ സമയം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് പകരമല്ല ആന്റിബോഡി ബ്ലഡ് ടെസ്റ്റ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയാല്‍ മാത്രമേ കോവിഡ്-19 സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ആന്റിബോഡി പോസിറ്റീവ് ആയവരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷിക്കുകയും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കോവിഡ്-19 ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

ഇന്നലെ തിരുവനന്തപുരം 696, എറണാകുളം 273, കോഴിക്കോട് 601, കണ്ണൂര്‍ 171 എന്നിങ്ങനെ 4 എയര്‍പോട്ടുകളിലുമായി 1741 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതില്‍ തിരുവനന്തപുരം 79, എറണാകുളം 32, കോഴിക്കോട് 75, കണ്ണൂര്‍ 8 എന്നിങ്ങനെ ആകെ 194 പേര്‍ക്കാണ് ഐജിഎം പോസിറ്റീവായത്. ഇവരെ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.