മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് 'കിളിക്കൊഞ്ചല്‍'
ജൂലൈ ഒന്നുമുതല്‍ രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്‌സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി 'കിളികൊഞ്ചല്‍' എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 'കിളികൊഞ്ചല്‍' ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
സംസ്ഥാനത്ത് കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 3 വയസ് മുതല്‍ 6 വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങി കൂടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. മൊബൈല്‍ ഫോണിന്റെയും കാര്‍ട്ടുണുകളുടെയും അമിത ഉപയോഗവും മറ്റ് കൂട്ടുകാരുമായി കളിച്ചുല്ലസിക്കാന്‍ സാധിക്കാതെ വരുന്നതും ഇവര്‍ക്ക് മാനസിക/ശാരീരിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഈ സാഹചര്യം തരണം ചെയ്യുന്നതിനും ഇത് സഹായിക്കും.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയില്‍ തയ്യാറാക്കിയ ഈ പരിപാടി കുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്നു കാണുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കളുടെയും പൊതു ജനങ്ങളുടെയും സവിശേഷ ശ്രദ്ധ ഉണ്ടാകണം.
പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരികയാണ്.