കോവിഡ് പരീക്ഷണത്തിനിടയിലും എസ്.എസ്.എൽ.സി വിജയം 98.82 ശതമാനം
കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു.
ആകെ 4,22,451 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 4,22,092 പേർ പരീക്ഷ എഴുതി. ഇവരിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
41,906 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഇരുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ്- 2327 പേർ.
ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത് ആലപ്പുഴ തെക്കേക്കര ഗവ. എച്ച്.എസ്.എസാണ്- രണ്ടുപേർ.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും(77685) വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് (26855).
ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ട (10417).
വിജയ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ല പത്തനംതിട്ടയാണ് (99.71 ശതമാനം). കുട്ടനാടാണ് (100%) വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. വിജയശതമാനം കുറവുള്ള ജില്ല വയനാടാണ് (95.04 %). വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ലയും വയനാടാണ് (95.04 %).
പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽ യഥാക്രമം 40815, 7929, 285953, 13538 പേർ പരീക്ഷ എഴുതി. ഇവരിൽ യഥാക്രമം 39895, 7225, 283019, 13423 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
പട്ടികജാതി വിഭാഗത്തിൽ 97.75 ഉം, പട്ടികവർഗ വിഭാഗത്തിൽ 91.12 ഉം, ഒ.ബി.സി വിഭാഗത്തിൽ 98.97 ഉം ഒ.ഇ.സി വിഭാഗത്തിൽ 99.15 ആണ് വിജയശതമാനം.
ഗൾഫ് മേഖലയിൽ ഒൻപതു സ്‌കൂളുകളിൽ 597 പേർ പരീക്ഷ എഴുതിയതിൽ 587 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.32 ആണ് വിജയശതമാനം. 76 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.
ലക്ഷദ്വീപ് മേഖലയിൽ ഒൻപതു സ്‌കൂളുകളിൽ 592 പേർ പരീക്ഷ എഴുതിയതിൽ 561 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 94.76 ആണ് വിജയശതമാനം. ഒരാൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.
എസ്.എസ്.എൽ.സി പ്രൈവറ്റ് വിദ്യാർഥികൾ (പഴയ സ്‌കീം) 1770 പേർ രജിസ്റ്റർ ചെയ്തതിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ശതമാനം വിജയം.
എസ്.എസ്.എൽ.സി ഹിയറിംഗ് ഇമ്പയേഡ് പരീക്ഷയിൽ 261 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 261 പേരും ഉപരിപഠനത്തിന് അർഹതനേടി. ഇവരിൽ 24 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 3090 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 3063 പേർ ഉപരിപഠനത്തിന് അർഹത നേടി. 99.13 ശതമാനം വിജയം. ഈ വിഭാഗത്തിൽ പ്രൈവറ്റായി പരീക്ഷ എഴുതിയ മൂന്നുപേരും ഉപരിപഠനത്തിന് അർഹതനേടി.
ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) വിഭാഗത്തിൽ 17 പേർ പരീക്ഷയെഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹതനേടി.
എ.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 പേർ പരീക്ഷ എഴുതിയതിൽ 54 പേർ ഉപരിപഠനത്തിന് അർഹരായി. 77.14 ആണ് വിജയശതമാനം. ഈ വിഭാഗത്തിൽ പ്രൈവറ്റായി എഴുതിയ ഒരാൾ ഉപരിപഠന അർഹത നേടിയില്ല.