വിള ഇൻഷുറൻസ് ക്യാമ്പയിന് ഇന്ന് തുടക്കമാകും
സംസ്ഥാനത്തെ മുഴുവൻ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്ന് വിള ഇൻഷുറൻസ് ദിനമായി ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 15 വരെ എല്ലാ പഞ്ചായത്തിലും വിള ഇൻഷുറൻസ് കാമ്പയിൻ സംഘടിപ്പിക്കും. കർഷകർക്ക് കൃഷി ഭവനുകളിൽ വരാതെ ഓൺലൈനായി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും പോളിസി കരസ്ഥമാക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഓൺലൈനായി ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് www.aims.kerala.gov.in/cropinsurance എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നീ നാശനഷ്ടങ്ങളിൽ നിന്നും കർഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷികവിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ നിമിത്തം ഉണ്ടാകുന്ന കൃഷി നാശനഷ്ടങ്ങളാണ് പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.
പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും ഈ സീസണിൽ ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ്.