കേരളത്തിന്റെ ആരോഗ്യരംഗം - ഡോക്ടര്‍മാരുടെ പങ്ക് നിസ്തുലം: മുഖ്യമന്ത്രി

post

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.'ഡോക്‌ടേഴ്‌സ് ഡേ' ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് മഹാമാരി നേരിടുന്നതിന് സര്‍ക്കാര്‍ഡോക്ടര്‍മാരോടൊപ്പം സ്വകാര്യഡോക്ടര്‍മാരും രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയെ കൂടി ഈ പോരാട്ടത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ഐ.എം.എ നടത്തുന്ന സേവനങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്നും ഐ.എം.എയുടെ സഹകരണം ഉണ്ടാകണം. ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിത്.

ഈ ഘട്ടത്തില്‍ പോലും തെറ്റദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഐ.എം.എ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വിമര്‍ശനം ഉന്നയിച്ചുവെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്താനുള്ള ഇത്തരം ശ്രമങ്ങള്‍ നാം തിരിച്ചറിയണം. ഐ.എം.എയും സര്‍ക്കാരും നല്ല യോജിപ്പോടെയാണ് മുന്നോട്ടുപോകുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമല്ല, മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും പല ലോക രാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആളുകള്‍ തിരികെ എത്തിത്തുടങ്ങിയതോടെ നമ്മുടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെന്നതും മരണനിരക്ക് വലിയതോതില്‍ വര്‍ധിച്ചിട്ടില്ലെന്നതും നമുക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും. ഇപ്പോഴത്തെ പോലെ ആ ഘട്ടത്തിലും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരിനോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.