പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
*ക്‌ളസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നടപ്പാക്കുന്നതായി മുഖ്യമന്ത്രി
മലപ്പുറം : പൊന്നാനി താലൂക്കില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോടാസ്‌കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും.കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും.
അടുത്ത മൂന്നു ദിവസം ക്ലസ്റ്റര്‍ സോണില്‍ വിപുലമായ പരിശോധനയും വീടുതോറുമുള്ള സര്‍വ്വെയും നടത്താന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തും.കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ക്‌ളസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും, അതു സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നത്.കൃത്യമായ ഒരു ക്‌ളസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ആപ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.
വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്റ്റ് ട്രെയ്‌സിങ് ആണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള സര്‍ജ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നത് തൊട്ട് ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ പ്ലാന്‍ ആണത്. ഇത്തരത്തില്‍ രോഗവ്യാപനം തടയാനും, ഉണ്ടായാല്‍ നേരിടാനുമുള്ള പരമാവധി മുന്‍കരുതലുകള്‍ നമ്മള്‍ യഥാസമയം എടുക്കുന്നുണ്ട്. ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ നമുക്കത് കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.