മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരം : മുഖ്യമന്ത്രി
ജൂലൈ ഒന്ന്; ഡോക്ടര്‍മാരുടെ ദിനം
ജൂലൈ ഒന്ന് ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുമ്പോള്‍ ലോകം അസാധാരണമായ പകര്‍ച്ചവ്യാധിയോട് പൊരുതുന്ന ഘട്ടത്തില്‍ ഈ ദിവസത്തിന്റെ പ്രാധാന്യം സാധാരണയിലും വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന ആതുരശുശ്രൂഷകരെ ബഹുമാനപുരസ്സരം ഓര്‍ക്കാനും നന്ദി പറയാനും ഈ ദിനം നമുക്ക് മാറ്റിവയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതില്‍ നിസ്തുല പങ്കാണ് ഡോക്ടര്‍മാര്‍ വഹിക്കുന്നത്. സമൂഹം അര്‍പ്പിച്ച വിശ്വാസത്തിനോടും പ്രതീക്ഷയോടും നീതിപുലര്‍ത്തിക്കൊണ്ട് എല്ലാ മേഖലകളിലുമുള്ള ഡോക്ടര്‍മാര്‍ അഹോരാത്രം കര്‍മ്മ നിരതരാകുന്നു. അവര്‍ക്കെല്ലാം സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി ആദരവ് രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. ബി.സി റോയിയോടുള്ള ആദരസൂചകമായാണ് ഡോക്ടര്‍മാരുടെ ദിനം ആചരിക്കാന്‍ രാഷ്ട്രം തീരുമാനിച്ചത്.ഈ മഹാമാരിയുടെ കാലത്ത് വലിയ വെല്ലുവിളികള്‍ ഏറ്റെടുത്ത്, ഒരുമിച്ച് നിന്ന്, ആത്മാര്‍ഥമായ പരിശ്രമങ്ങളിലൂടെ നമുക്ക് മുന്‍പോട്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു.