സന്നദ്ധ സേന വോളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

post

സന്നദ്ധ സേന വോളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കമായി.ആദ്യ ബാച്ച് പരിശീലന പരിപാടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ബിശ്വാസ്  മേത്ത, സന്നദ്ധ സേന ഡയറക്ടര്‍ അമിത് മീണ എന്നിവര്‍  അഭിസംബോധന ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്. www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലൂടെ പരിശീലനത്തിനാവശ്യമായ സമയം തെരഞ്ഞെടുക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ പ്രീ മണ്‍സൂണ്‍ പരിശീലനം 20,000 പേര്‍ക്ക് നല്‍കും.

ആഗസ്റ്റ് മാസത്തോടെ രജിസ്റ്റര്‍ ചെയ്ത മൂന്നര ലക്ഷം വോളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ സജ്ജീകരണം പൂര്‍ത്തിയായിട്ടുണ്ട്. ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരുടെ വീഡിയോ പ്രേസന്റെഷനുകള്‍ പരിശീലനത്തിനായി തയാറാക്കിയിട്ടുണ്ട്. സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, സി ഡിറ്റ് എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.

നിലവിലെ കണക്കനുസരിച്ച് 3,55,572 വോളന്റിയര്‍മാര്‍ സാമൂഹിക സന്നദ്ധ സേനയില്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 2,78,465 പുരുഷന്‍മാരും , 77,050 സ്ത്രീകളും , 57 ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം 62,000 സന്നദ്ധ സേന വോളന്റീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 100 പേര്‍ക്ക് ഒരു സന്നദ്ധ സേന വോളണ്ടിയര്‍ എന്ന തോതിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.