ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറന്റ്റൈന്‍കാരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി

post

*ക്വാറന്റ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാല്‍ കര്‍ശന നടപടി

കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണുള്ളത്.

എല്ലാവരും ഒത്തൊരുമിച്ച് പോരാടുന്നതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകുംവിധം ഇതുവരെ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.

എന്നാല്‍, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ വരുന്ന സാഹചര്യം ഒഴിവാക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ദുരനുഭവങ്ങളുണ്ടാകരുത്. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ സംഭവങ്ങളുണ്ടാകരുത്.

ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും കോട്ടയത്ത് വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണം.

സാധാരണ നിലയ്ക്ക് ക്വാറന്റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്‌നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് നാടിന്റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്റൈന്‍ നടപ്പിലാക്കിയാല്‍ രോഗം പകരാതെ തടയാം.

ക്വാറന്റൈനില്‍ കഴിയുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നല്‍കാന്‍ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ക്വാറന്റൈനില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനായി വാര്‍ഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെല്‍പ്പ്‌ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാം എന്നാണ്.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല. സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്റിനല്‍ സര്‍വയ്‌ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്. നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.

ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേനയും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് തുടര്‍ച്ചയായ ഈ പ്രവര്‍ത്തനത്തിനിടെ ക്ഷീണം ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണം.

വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. വിവിധസ്ഥലങ്ങളില്‍ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍പോട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടില്‍ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.

റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ ശക്തമാക്കും. കൂടുതല്‍ റിസ്‌കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.