സെക്രട്ടേറിയറ്റില്‍ മുന്‍കരുതല്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി
കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗികാവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടേയോ ലിഖിതമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ മറ്റുളളവര്‍ക്ക് പ്രവേശനം അനുവദിക്കുകയുളളൂ. സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ പ്രവേശന കവാടത്തില്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇതിനാവശ്യമായ ക്രമീകരണം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഏര്‍പ്പെടുത്തും.
സെക്രട്ടേറിയറ്റ് കാമ്പസിനുളളില്‍ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. ജീവനക്കാര്‍ കാമ്പസിനുളളില്‍ സാമൂഹിക അകലം പാലിക്കണം. കാമ്പസിനുളളില്‍ ജീവനക്കാര്‍ അവരവരുടെ സെക്ഷനുകളില്‍ മാത്രം ഒതുങ്ങി ജോലി നിര്‍വ്വഹിക്കണം. അനാവശ്യമായി മറ്റു വകുപ്പുകളില്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. ജീവനക്കാര്‍ കാമ്പസില്‍ നിന്നും പുറത്തു പോകുന്നതും സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ ഒരുമിച്ച് യാത്രചെയ്യുന്നതും അനുവദിക്കില്ല.
ഔദ്യോഗിക യോഗങ്ങള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി കൂടണം. കഴിയുന്നതും ഇതിനായി ഓണ്‍ലൈനായി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണം. ഇന്റര്‍വ്യൂകള്‍, ഔദ്യോഗിക ഹിയറിങ്ങുകള്‍ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോള്‍ അടക്കമുളള ഓണ്‍ലൈന്‍/വെര്‍ച്വല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.
ഔദ്യോഗിക യോഗങ്ങളില്‍ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാര്‍ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യവാഹനങ്ങളില്‍ ഓഫീസില്‍ എത്തണം.
സര്‍വ്വീസ് സംഘടനകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുളള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ. ഫിസിക്കല്‍ ഫയല്‍ പരമാവധി ഒഴിവാക്കി ഇ-ഫയല്‍ ഉപയോഗിക്കണം. ലിഫ്റ്റില്‍ ഓപ്പറേറ്റര്‍ അടക്കം ഒരു സമയത്ത് നാലുപേരില്‍ കൂടുതല്‍ പാടില്ല.
ലിഫ്റ്റുകള്‍, കൈവരികള്‍, വാഷ്റൂം, വാതില്‍ പിടികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാന്‍ ഹൗസ് കീപ്പിംഗ് വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തണം. ജീവനക്കാര്‍ കോവണിപ്പടി ഉപയോഗിക്കുമ്പോള്‍ കൈവരിയില്‍ സ്പര്‍ശിക്കരുത്.
എല്ലാ വാഷ്ബേസിനുകളിലും വാഷ്റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കാനും ഇടയിക്കിടെ അണുവിമുക്തമാക്കാനും ഹൗസ്‌കീപ്പിംഗ് വകുപ്പ് ശ്രദ്ധിക്കണം.
അവരവര്‍ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസര്‍ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുവാന്‍ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.